പുകയിലയോ മദ്യമോ ഉപയോഗിക്കാത്ത ഓറല്‍ ക്യാന്‍സര്‍ രോഗികളില്‍ വന്‍ വര്‍ധന! നിര്‍ണായക കണ്ടെത്തലുമായി ലേക്ക്‌ഷോര്‍ ആശുപത്രി

ക്യാന്‍സര്‍ ലക്ഷണങ്ങളുണ്ടെന്ന് സംശയമുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നത് ഉചിതം
Dr. Shaun Joseph speaks at the press conference. Lakeshore MD S.K. Abdullah and CEO Jayesh V. Nair are present nearby.
പത്ര സമ്മേളനത്തിൽ ഡോക്ടർ ഷോൺ ജോസഫ് സംസാരിക്കുന്നു. ലേക്ക്ഷോർ എം. ഡി. എസ് കെ അബ്ദുള്ള, സി. ഇ. ഒ ജയേഷ് വി നായർ എന്നിവർ സമീപം
Published on

പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലെ ഓറല്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഗണ്യമായ വര്‍ദ്ധന കണ്ടെത്തി വിപിഎസ് ലേക്‌ഷോറിലെ പഠനം. വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക് വിഭാഗത്തിന്റെ ഗവേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.

അടുത്തിടെ ഓറല്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ച 57% പേരും മുന്‍പ് പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളാണ്. ഇതില്‍ 61% കേസുകള്‍ നാവിലെ ക്യാന്‍സറും 19% കേസുകള്‍ ബക്കല്‍ മ്യൂക്കോസയിലാണെന്നും പഠനം കാണിച്ചു. കൂടാതെ, 3% കേസുകള്‍ വായയുടെ അടിഭാഗത്തും 3% താഴത്തെ ആല്‍വിയോളസിലും ഒരു ശതമാനം മുകളിലെ ആല്‍വിയോളസിലുമാണ്.

കൂടുതലും പുരുഷന്മാര്‍

2014 ജൂലൈ മുതല്‍ പത്ത് വര്‍ഷത്തിനിടെ 515 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇതില്‍ 75.5% പുരുഷന്മാരും 24.5% സ്ത്രീകളുമാണ്. 58.9% രോഗികളില്‍ മറ്റു രോഗങ്ങളുണ്ടെന്നും, അവരില്‍ 30% പേര്‍ക്ക് ഒന്നിലധികം രോഗാവസ്ഥകള്‍ ഉണ്ടെന്നും കണ്ടെത്തി. 41.4% രോഗികളില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. 282 (54.7%) രോഗികളില്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്താനായി. 233 (45.3%) പേരുടെ രോഗനിര്‍ണയം രോഗത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. അഡിക്ഷന്‍ ഉള്ള ഓറല്‍ ക്യാന്‍സര്‍ രോഗികളില്‍, 64.03% പേര്‍ മുന്‍പ് പുകയില ഉപയോഗിക്കുന്ന, പ്രത്യേകിച്ച് ചവയ്ക്കുന്ന, ശീലമുള്ളവരായിരുന്നു. കൂടാതെ, 51.2% പേര്‍ പുകവലി ശീലമുള്ളതായും 42.3% പേര്‍ മദ്യം ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഈ രോഗികളില്‍ 45.3% പേര്‍ക്ക് ഒന്നിലധികം ദുശ്ശീലങ്ങളുണ്ടായിരുന്നു.

പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍

സമീപ വര്‍ഷങ്ങളില്‍ ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ 57% പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലാണ് സംഭവിച്ചത്.

ഓറല്‍ ക്യാന്‍സര്‍ രോഗികളിലെ അഡിക്ഷന്‍

  • 64.03% പേര്‍ പുകയില ചവച്ചിരുന്നു

  • 51.2% പേര്‍ക്ക് പുകവലി ശീലമുണ്ടായിരുന്നു.

  • 42.3% പേര്‍ മദ്യം ഉപയോഗിച്ചിരുന്നു.

  • 45.3% പേര്‍ക്ക് ഒന്നിലധികം ശീലങ്ങളുണ്ടായിരുന്നു.

ശരീരഘടനപരമായ കണ്ടെത്തലുകള്‍

  • 61% കേസുകളും നാവിന്റെ ക്യാന്‍സറായിരുന്നു.

  • 19% പേര്‍ക്ക് ബക്കല്‍ മ്യൂക്കോസയില്‍ കണ്ടെത്തി.

  • 3% പേര്‍ക്ക് വായുടെ അടിഭാഗത്തായിരുന്നു ക്യാന്‍സര്‍.

  • 3% ക്യാന്‍സര്‍ കേസുകള്‍ താഴത്തെ ആല്‍വിയോളസിലും ബാക്കിയുള്ളത് മുകളിലെ ആല്‍വിയോളസിലും കണ്ടെത്തി.

ചികിത്സ ആദ്യമേ വേണം

ഓറല്‍ ക്യാന്‍സര്‍ രോഗികളില്‍ രണ്ടില്‍ ഒരാള്‍ പുകയില ഉപയോഗിക്കാത്ത ആളാണെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ഷോണ്‍ ടി. ജോസഫ് പറഞ്ഞു. രോഗലക്ഷണമുള്ള വ്യക്തി പ്രാരംഭ ഘട്ടത്തില്‍ പരിശോധനയ്ക്ക് എത്തിയാല്‍ അര്‍ബുദ ചികിത്സ കൂടുതല്‍ ഫലപ്രദമാകും. ശരീരത്തിലെ ലക്ഷണങ്ങള്‍ അവഗണിക്കരുത്. വായിലെ അള്‍സര്‍ രണ്ടാഴ്ചക്കുള്ളില്‍ ഭേദമാകാതെ ഇരിക്കുക, വായില്‍ ചുവപ്പോ വെളുത്തതോ ആയ പാടുകള്‍, തലയിലും കഴുത്തിലും അസാധാരണമായ മുഴകള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ സന്ദര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓറല്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കണ്ടെത്താന്‍ വിപുലമായ ഗവേഷണം ആവശ്യമാണെന്ന് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു. ഇതിനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളും പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ഇ.ഒ ജയേഷ് വി നായര്‍, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ അനില്‍കുമാര്‍.ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com