

ക്രിസ്മസ്, പുതുവത്സര സമയത്ത് കേരളത്തിലേക്ക് വരാനിരുന്ന പ്രവാസി മലയാളികള്‍ പലരും യാത്ര റദ്ദാക്കുന്നു. വിമാന ടിക്കറ്റ് നിരക്കെ കുത്തനെ വര്‍ധിച്ചതോടെയാണ് പലരും നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചത്. അവധി ആഘോഷിക്കാനായി കുടുംബവുമായി നാട്ടിലെത്തിയിരുന്ന പലരും ചെലവുകുറഞ്ഞ വിദേശ രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകാനാണ് ഈ അവധിക്കാലം മാറ്റിവയ്ക്കുന്നത്.
നാലാംഗങ്ങളുള്ള കുടുംബം നാട്ടില്‍ വന്ന് പോകണമെങ്കില്‍ രണ്ടര ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വരും. ഈ പൈസയ്ക്ക് മറ്റ് വിദേശ രാജ്യങ്ങളില്‍ പോയി കറങ്ങാനാണ് പലരുടെയും പ്ലാന്‍. ജോര്‍ജിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് അവധിക്കാല യാത്രയ്ക്ക് ചെലവ് കുറഞ്ഞതാണ് മനംമാറ്റത്തിന് കാരണം.
ദുബൈയില്‍ നിന്ന് കെയ്‌റോ, ഇസ്താംബൂള്‍, മാലെ തുടങ്ങിയ നഗരങ്ങളിലേക്ക് 1200-1300 ദിര്‍ഹത്തിന് ടിക്കറ്റ് ലഭ്യമാണ്. കേരളത്തില്‍ വന്നു പോകണമെങ്കില്‍ 14,000 ദിര്‍ഹമെങ്കിലും വേണ്ടിവരും. വലിയ തുക മുടക്കി നാട്ടിലേക്ക് പോയി വരുന്നതിന് പകരം ഇത്തരം പുതിയ ലൊക്കേഷനുകളിലേക്ക് പോകുന്ന പ്രവാസികളുടെ എണ്ണം കൂടിയിട്ടുണ്ട്.
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സാധാരണയായി കേരളത്തിലേക്കുള്ള വിമാനനിരക്ക് കൂടുതലാണ്. മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും സമാനസ്ഥിതിയാണ്. അവധിക്ക് നാട്ടില്‍ പോയി വരുന്നവരുടെ എണ്ണം കൂടുതലുള്ളതാണ് ഇതിന് കാരണം. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയതോതില്‍ കൂടിയിട്ടുണ്ട്.
വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്കുന്ന പല രാജ്യങ്ങളും വീസ നടപടികള്‍ ലളിതമാക്കിയിട്ടുണ്ട്. ഇതും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. പുതിയ ഒരു രാജ്യം കാണാനുള്ള അവസരം പ്രയോജനപ്പെടുത്തുന്നവരും ഏറെയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine