ഡ്രസ് വാങ്ങാന്‍ പ്ലാനുണ്ടേല്‍ വേഗത്തിലാക്കിക്കോ! വില കുത്തനെ കൂടാന്‍ പോകുന്നു; കാരണമിതാണ്

വസ്ത്രങ്ങള്‍ മുതല്‍ സ്‌പോര്‍ട്‌സ് ജേഴ്‌സി നിര്‍മാണം, ഷൂസ് എന്നിവയിലടക്കം പോളിസ്റ്റര്‍ നിര്‍ണായക ഘടകമാണ്.
ഡ്രസ് വാങ്ങാന്‍ പ്ലാനുണ്ടേല്‍ വേഗത്തിലാക്കിക്കോ! വില കുത്തനെ കൂടാന്‍ പോകുന്നു; കാരണമിതാണ്
Published on

ക്രൂഡ് ഓയില്‍ ലഭ്യതക്കുറവും വില വര്‍ധനയും ഫാഷന്‍ ഷോപ്പിംഗ് ഇനി കൂടുതല്‍ ചെലവേറിയതാകും. പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകള്‍ വില വര്‍ധിപ്പിക്കുമെന്ന സൂചന നല്കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധം മൂലം ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയില്‍ വരവ് കുറഞ്ഞതാണ് കാരണം. വസ്ത്ര നിര്‍മാണത്തിനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുക്കളിലൊന്നാണ് പോളിസ്റ്റര്‍.

ആഗോളതലത്തില്‍ ഉത്പാദിപ്പിക്കുന്ന വസ്ത്രങ്ങളില്‍ 59 ശതമാനത്തിലും പോളിസ്റ്ററിന്റെ സാന്നിധ്യമുണ്ട്. വസ്ത്രങ്ങള്‍ മുതല്‍ സ്‌പോര്‍ട്‌സ് ജേഴ്‌സി നിര്‍മാണം, ഷൂസ് എന്നിവയിലടക്കം പോളിസ്റ്റര്‍ നിര്‍ണായക ഘടകമാണ്.

ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന സിന്തറ്റിക് ഫൈബറായ പോളിസ്റ്റര്‍ നിര്‍മിക്കുന്നത് പെട്രോളിയം അധിഷ്ഠിത കെമിക്കല്‍സില്‍ നിന്നാണ്. ഈ അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുമ്പോള്‍ ആഘാതം ഉപയോക്താക്കളിലേക്ക് കൈമാറാന്‍ നിര്‍മാതാക്കളും നിര്‍ബന്ധിതരാകും.

നൂല്‍ മുതല്‍ റെഡിമെയ്ഡ് വരെ ചെലവ് കൂടും

പോളിസ്റ്റര്‍ വില വര്‍ധിച്ചതോടെ നൂല്‍ വില ഉള്‍പ്പെടെ വസ്ത്ര നിര്‍മാണത്തിന്റെ ചെലവ് വര്‍ധിക്കും. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സ്‌പോര്‍ട്‌സ് വെയര്‍, സിന്തറ്റിക് സാരികള്‍ തുടങ്ങിവയുടെ വില വര്‍ധിക്കും.

ടെക്സ്റ്റൈല്‍ മേഖലയില്‍ നിന്നുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ക്രൂഡ്ഓയില്‍ വിലയിലെ കുതിപ്പ് തുടരുകയാണെങ്കില്‍ വസ്ത്രവിലയില്‍ 10 മുതല്‍ 20% വരെ വര്‍ധന ഉണ്ടാകാമെന്നാണ്. പശ്ചിമേഷ്യയിലെ വിതരണം തടസപ്പെട്ടതോടെ ചൈനീസ് പോളിസ്റ്റര്‍ വിതരണക്കാര്‍ വില വര്‍ധിപ്പിച്ചു കഴിഞ്ഞു.

അധികം വൈകാതെ വില വര്‍ധിപ്പിക്കുമെന്ന് പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളായ Zara, H&M സൂചന നല്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com