പിരിച്ചുവിടല്‍ വര്‍ധിക്കുന്നു, ശമ്പളരഹിത അവധികള്‍ക്ക് കമ്പനികള്‍; മലയാളികള്‍ തൊഴില്‍നഷ്ട ഭീതിയില്‍, ഗള്‍ഫ് യുദ്ധം കേരള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും

കേരളത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലേറെ നേഴ്‌സുമാരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനം കയറിയത്
Chatgpt Image
Chatgpt Image
Published on

ഇറാനും യുഎസ് സഖ്യകക്ഷികളുമായുള്ള യുദ്ധം ശമനമില്ലാതെ മുന്നോട്ടു പോകുകയാണ്. സമാധാനത്തിലേക്കുള്ള വഴികള്‍ തുറക്കുന്നുവെന്ന് ഇരുകൂട്ടരും പറയുന്നുവെങ്കിലും ഒന്നും ശാന്തമായിട്ടില്ല. ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പൊറുതിമുട്ടുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. യുദ്ധം മുറുകിയാല്‍ ഗള്‍ഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ പ്രതിസന്ധിയിലാകും.

ഗള്‍ഫ് ആസ്ഥാനമായ പല കമ്പനികളും പുതിയ തൊഴിലവസരങ്ങള്‍ കുറച്ചിട്ടുണ്ട്. യുദ്ധം തുടങ്ങും മുമ്പ് ഓഫര്‍ ലെറ്റര്‍ ലഭിച്ച മലയാളികള്‍ അടക്കമുള്ളവരോട് കാത്തിരിക്കാനാണ് കമ്പനികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യുദ്ധം എത്രത്തോളം നീണ്ടുനില്‍ക്കും എന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ നിയമനങ്ങളെന്ന് പല കമ്പനികളും വ്യക്തമാക്കി കഴിഞ്ഞു.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 22 ലക്ഷത്തോളം മലയാളികള്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്. നിര്‍മാണ മേഖല മുതല്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉയര്‍ന്ന പൊസിഷനുകളില്‍ ജോലി ചെയ്യുന്നവര്‍ വരെ ഉള്‍പ്പെടും ഈ സംഖ്യ.

ഗള്‍ഫ് രാജ്യങ്ങളില്‍ പിരിച്ചുവിടലുകള്‍ വര്‍ധിച്ചതായി ന്യുഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗള്‍ഫ് മേഖലകളില്‍ ജോലി ചെയ്യുന്നവരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മുന്‍കൂര്‍ നോട്ടീസ് നല്കാതെ പലരെയും പിരിച്ചുവിട്ടിട്ടുണ്ട്. മറ്റ് പലരോടും ശമ്പളരഹിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മാണമേഖല, അടിസ്ഥാന സൗകര്യ വികസനം, ഹോസ്പിറ്റാലിറ്റി, എണ്ണ അനുബന്ധ വ്യവസായങ്ങള്‍, ടൂറിസം തുടങ്ങിയ സെക്ടറുകളിലെല്ലാം മന്ദത ബാധിച്ചിട്ടുണ്ട്. പലരും നാട്ടിലേക്ക് മടങ്ങാത്തതിന് കാരണം യുദ്ധം മാറി പഴയ നിലയിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ മടങ്ങുമെന്ന പ്രതീക്ഷയിലാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡിമാന്‍ഡ്

യുദ്ധം മൂലം ഹെല്‍ത്ത്‌കെയര്‍ രംഗത്ത് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. മുമ്പ് അഭിമുഖം നടത്തി ജോലിക്കെടുത്തവരോട് എത്രയും വേഗം ജോലിയില്‍ പ്രവേശിക്കാന്‍ ആശുപത്രികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലേറെ നേഴ്‌സുമാരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനം കയറിയത്.

സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍:

  • ഓയില്‍ മാര്‍ക്കറ്റ് അസ്ഥിരമാകും

  • ഗള്‍ഫ് രാജ്യങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാം

  • ചില പ്രോജക്ടുകള്‍ പോസ്റ്റ്പോണ്‍ ചെയ്യാം

  • തൊഴില്‍ മേഖലയെയും ബാധിക്കും

കേരളത്തിനും തിരിച്ചടി

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗള്‍ഫ് നല്കുന്ന സംഭാവന വളരെ വലുതാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖല മുതല്‍ ഷോപ്പുകള്‍ വരെ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഗള്‍ഫില്‍ നിന്നുള്ള പണം വരവ് കുറയുന്നത് കേരളത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ വഴിയൊരുക്കും. ഇത് എല്ലാ മേഖലകളെയും ബാധിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതലുള്ളത് മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഗള്‍ഫില്‍ നിന്നുള്ള വരവ് കുറഞ്ഞാല്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലെ വ്യാപാരത്തെയും ഇത് ബാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com