

ലോകത്തിലെ ഏറ്റവും വലിയ മെട്രോ ലൈനുകളില്‍ ഒന്നായ സൗദിയിലെ റിയാദ് മെട്രോ സര്‍വീസ് തുടങ്ങി. ആറു ലൈനുകളില്‍ മൂന്നെണ്ണത്തിലാണ് ആദ്യഘട്ട സര്‍വീസ് ആരംഭിച്ചത്. ഡ്രൈവറില്ലാതെ ഓടുന്ന ഈ ട്രെയിനുകള്‍ ഭാഗികമായി സോളാര്‍ വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ മൂന്നു ലൈനുകളില്‍ കൂടി ഡിസംബറില്‍ സര്‍വീസ് ആരംഭിക്കും. റിയാദ് നഗരത്തിലെ 60 ശതമാനം പേര്‍ പുതിയ സംവിധാനം ഉപയോഗിക്കുമെന്നാണ് സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ പബ്ലിക് ഒപിനിയന്‍ പോള്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയത്. ഗതാഗതത്തിന് കൂടുതലായി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്ന സൗദി പൗരന്‍മാരില്‍ വലിയൊരു ഭാഗം മെട്രോയെ അനുകൂലിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് സൗദി സര്‍ക്കാര്‍ കാണുന്നത്.
ആദ്യഘട്ടത്തില്‍ ആരംഭിച്ച മൂന്നു ലൈനുകള്‍ പ്രധാനമായും കടന്നു പോകുന്നത് അല്‍ ഒറുബ-ബത്ത ലൈനിലും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, അബ്ടു റഹ്മാൻ ബിന്‍ ഔഫ് സ്ട്രീറ്റ്, ഷെയ്ക്ക് ഹസന്‍ ബിന്‍ ഹുസൈന്‍ സ്ട്രീറ്റ് എന്നീ സ്ഥലങ്ങളിലൂടെയുമാണ്. മെട്രോയിലെ നിരക്കുകള്‍ യാത്രാ സമയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. കുറഞ്ഞ നിരക്ക് നാല് റിയാലാണ്. ഈ ടിക്കറ്റില്‍ രണ്ട് മണിക്കൂര്‍ യാത്ര ചെയ്യാം. 20 റിയാലിന്റെ ടിക്കറ്റില്‍ മൂന്ന് ദിവസം യാത്ര ചെയ്യാം. ഒരാഴ്ചക്ക് 40 റിയാലും ഒരു മാസത്തേക്ക് 120 റിയാലുമാണ് നിരക്കുകള്‍.
റിയാദ് മെട്രോ ജനങ്ങളുടെ യാത്രാ രീതികളെ മാറ്റുമെന്നാണ് സര്‍വെയില്‍ പങ്കെടുത്തവരില്‍ 71 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. റിയാദില്‍ കൂടുതല്‍ നിക്ഷേപമെത്താന്‍ മെട്രോയുടെ വരവ് സഹായിക്കുമെന്ന് 80 ശതമാനം പേര്‍ക്ക് അഭിപ്രായമുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാന്‍ മെട്രോ സഹായിക്കുമെന്ന് 81 ശതമാനം പേരും പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്ന് 63 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ആകെ 1.202 പേരാണ് റിയാദ് നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി നടന്ന സര്‍വെയില്‍ പങ്കെടുത്തത്. ഇതില്‍ 43 ശതമാനം സ്ത്രീകളാണ്.
നഗരത്തിലെ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മെട്രോ ഏറെ ഗുണകരമാകുമെന്ന് സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ അധികം പേരും പ്രതികരിച്ചു. വിനോദ കേന്ദ്രങ്ങള്‍, ഷോപ്പിംഗ്, ബന്ധു വീടുകള്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ മെട്രോ ഉപയോഗിക്കുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. മെട്രോ സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് 40 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ട്രെയിനുകളുടെ സ്പീഡ് കൂടുതലാണെന്ന അഭിപ്രായമാണ് 27 ശതമാനം പേര്‍ക്കുള്ളത്. യാത്രാ സുരക്ഷയെ കുറിച്ച് 27 പേരും യാത്രക്കിടയിലെ ശല്യങ്ങളെ കുറിച്ച് 11 ശതമാനം പേരും ആശങ്ക പ്രകടിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine