ഹൈവേ വേഗത ഇരട്ടിയാക്കാന്‍ ഇന്ത്യയുടെ ബൃഹത് പദ്ധതി; വന്‍ പദ്ധതി പൂര്‍ത്തിയാകുക 2037ല്‍

അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ 22 ലക്ഷം കോടി രൂപ റോഡ് നിര്‍മാണത്തിനായി മുടക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 30,600 കിലോമീറ്റര്‍ റോഡ് പണിയാനാണ് ഹൈവേ മന്ത്രാലയത്തിന്റെ പദ്ധതി. ഈ ബൃഹത് പദ്ധതിയുടെ രൂപരേഖ കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് മൂന്നാമതു അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ രണ്ടാം മോദി സര്‍ക്കാരിന് ഹൈവേ നിര്‍മാണത്തില്‍ വലിയ തോതില്‍ മുന്നോട്ട് പോകാന്‍ സാധിച്ചിരുന്നു.

എക്‌സ്പ്രസ് വേ 18,000 കിലോമീറ്റര്‍

ധനമന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ച പദ്ധതിയില്‍ 18,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേയും ഹൈസ്പീഡ് കോറിഡോറും പണിയാന്‍ വിഭാവനം ചെയ്യുന്നുണ്ട്. ദേശീയ ഹൈവേയില്‍ 4,000ത്തോളം കിലോമീറ്റര്‍ ദൂരത്തിന് തിരക്ക് കുറയ്ക്കാനുള്ള നൂതന പദ്ധതികളും ആസൂത്രണം ചെയ്യും.

ആകെ ചെലവിടുന്ന തുകയുടെ 35 ശതമാനവും സ്വകാര്യ മേഖലയുടെ സംഭാവനയാകും. രണ്ട് ഘട്ടമായിട്ടായിരിക്കും പദ്ധതി പൂര്‍ത്തിയാക്കുക. ആദ്യ ഘട്ടം 2028-29 സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 2036-37ല്‍ പദ്ധതി പൂര്‍ണമാക്കും.

ഹൈവേ പദ്ധതികള്‍ക്കായി ഇടക്കാല ബജറ്റില്‍ 2,78,000 കോടി രൂപയാണ് അനുവദിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2.7 ശതമാനം വര്‍ധന. 10 ശതമാനം വാര്‍ഷിക വര്‍ധന വേണമെന്നാണ് ഹൈവേ മന്ത്രാലയത്തിന്റെ ആവശ്യം.

ഹൈവേ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ട്രക്കുകളുടെ വേഗം നിലവിലെ 47 കിലോമീറ്ററില്‍ നിന്ന് മണിക്കൂറില്‍ 85 കിലോമീറ്ററാകും. ചൈനയില്‍ ഹൈവേയിലെ ശരാശരി വേഗത 100 കിലോമീറ്ററും യു.എസില്‍ 90 കിലോമീറ്ററുമാണ്. ഇന്ത്യന്‍ ഹൈവേകളിലെ വേഗത കൂടുന്നതോടെ ചരക്കുനീക്കത്തിലെ ചെലവില്‍ 10 ശതമാനത്തോളം കുറവു വരുത്താമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Related Articles
Next Story
Videos
Share it