

സ്‌കൂളുകളില്‍ റോബോട്ടുകളെ ഉപയോഗിച്ചുള്ള അധ്യാപനം കൂടുതല്‍ ഫലപ്രദമെന്ന് പഠനം. എഐ പിന്തുണയോടെയുള്ള റോബോട്ടുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം എട്ടു ശതമാനം വരെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായാണ് ദുബൈയിലെ റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. വിവിധ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളില്‍ വ്യത്യസ്ത രീതിയിലാണ് റോബോട്ടുകളുടെ സ്വാധീനം. പ്രൈമറി തലം മുതല്‍ എഐ ബന്ധിത റോബോട്ടുകളുടെ ഉപയോഗം വിദ്യാഭ്യാസ നിലവാരം ഉയരുന്നതിനും വിദ്യാര്‍ത്ഥികളുടെ നൈപുണ്യശേഷി മെച്ചപ്പെടുന്നതിനും സഹായിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
വിദ്യാര്‍ത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പഠനം നടത്തിയത്. ഒരു വിഭാഗത്തിന് പരമ്പരാഗത രീതിയിലും രണ്ടാമത്തെ വിഭാഗത്തിന് ഡ്യുവെറ്റ് എന്ന പേരിലുള്ള റോബോട്ടിനെ അധ്യാപകനായി നല്‍കിയുമായിരുന്നു പരീക്ഷണം. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം, വൈകാരികമായ ഇടപെടല്‍, പരീക്ഷകളിലെ മാര്‍ക്കുകള്‍ തുടങ്ങി വ്യത്യസ്തമായ ഘടകങ്ങളാണ് പരിശോധിച്ചത്. കുട്ടികളില്‍ പഠനക്ഷമതയും റിസല്‍ട്ടും മെച്ചപ്പെടുത്താന്‍ എഐ പിന്തുണ സഹായിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. അതേസമയം, വൈകാരികമായ ഇടപെടലില്‍ പരമ്പരാഗത ഗ്രൂപ്പാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ വൈകാരികമായ ഇടപെടലിനു കൂടി ഇടം നല്‍കുന്ന വിധത്തില്‍ റോബോട്ടിക് സംവിധാനം മെച്ചപ്പെടേണ്ടതുണ്ടെന്ന് റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗം മേധാവി ഡോ.ജിനൈന്‍ മൗണ്‍സെഫ് പറയുന്നു.
റോബോട്ടുകളും എ.ഐയും ഉപയോഗിച്ച് ചെറിയ ക്ലാസുകളിലെ പഠനം കുട്ടികളുടെ മാനസിക വളര്‍ച്ചയെ ബാധിക്കുമോ എന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ടെന്ന് ദുബൈയില്‍ വിദ്യാഭ്യാസ ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയ ക്രേറ്റ് ബോര്‍ഡ് അംഗം ഷിഫ യൂസഫലി പറയുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ മൂന്നു വര്‍ഷം മുമ്പ് നടന്ന പഠനത്തിലും പ്രോഗ്രാം ചെയ്ത റോബോട്ടുകള്‍ കുട്ടികളുടെ നൈപുണ്യ ശേഷിയെ ഗുണപരമായി സ്വാധീനിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ,ഇത്തരം സാങ്കേതിക മാറ്റങ്ങള്‍ കുട്ടികളുടെ നൈസര്‍ഗികമായ സ്വഭാവ വാസനകളെ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കുട്ടികളുടെ വൈകാരികതക്ക് കൂടി ഉന്നല്‍ നല്‍കിയുള്ള സമതുലിതമായ സമീപനമാണ് ആവശ്യമെന്ന് ഷിഫ യുസഫലി പറയുന്നു. കുട്ടികളില്‍ ബുദ്ധിപരമായും ഭാവനയുമായി ബന്ധപ്പെട്ടുമുള്ള കളികള്‍, കഥകള്‍ എന്നിവക്ക് പ്രാധാന്യം നല്‍കിയുള്ള പ്രോഗ്രാമുകളാണ് ആവശ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine