ദുബൈയില്‍ വേഗത്തില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ റോബോട്ടുകളും; പ്രത്യേകതകള്‍ അറിയാം

ഭക്ഷണങ്ങള്‍, പലചരക്ക് തുടങ്ങിയ ആവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനാണ് റോബോട്ടുകളുടെ സഹായം തേടുന്നത്. സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ഡെലിവറി പ്രക്രിയയില്‍ മനുഷ്യ ഇടപെടലുകൾ പൂർണമായും ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റോഡുകളില്‍ സ്വതന്ത്രമായി നടപ്പാതകൾ കണ്ടെത്താനും ആവശ്യമുള്ളപ്പോൾ ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താനും പ്രാദേശികമായി വികസിപ്പിച്ച ഡെലിവറി റോബോട്ടുകൾക്ക് സാധിക്കും.
പ്രത്യേകതകള്‍
തത്സമയ ട്രാക്കിംഗ്, ഉപഭോക്താവിന് സുരക്ഷിതമായി സാധനങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ഡെലിവറി കമ്പാർട്ട്‌മെന്റുകള്‍ തുടങ്ങിയവ റോബോട്ടുകളുടെ പ്രത്യേകതകളാണ്. സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ അരമണിക്കൂറിനുളളില്‍ വീട്ടിലെത്തിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ഇവയുടെ പ്രവര്‍ത്തനം.
ദുബൈ ഫ്യൂച്ചർ ലാബ്‌സ് ആണ് ഈ റോബോട്ടുകള്‍ വികസിപ്പിച്ചത്, ലൈവ് ഗ്ലോബലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ദുബൈ ഇന്റർനെറ്റ് സിറ്റി, ഡൗൺടൗൺ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ദുബായ് മാൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇവ അവതരിപ്പിക്കുന്നത്. നടപ്പാതകളും വാഹനങ്ങള്‍ അധികം ഉപയോഗിക്കാത്ത പാർപ്പിട മേഖലകളുമാണ് ഇവയുടെ പ്രവര്‍ത്തനത്തിന് നിലവില്‍ കണ്ടെത്തുന്നത്. ഒരുകിലോമീറ്റർ പരിധിയില്‍ റോബോട്ടുകളെക്കൊണ്ട് സാധനങ്ങള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
വാഹനങ്ങള്‍ പുറംതളളുന്ന മലനീകരണങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായി വീട്ടു സാധനങ്ങളുടെ ഡെലിവറികൾ വേഗത്തില്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവയെ അവതരിപ്പിച്ചിരിക്കുന്നത്.
ദുബൈയെ ലോകത്തെ സ്മാർട്ട് സിറ്റികളില്‍ ഒന്നാമതാക്കുക ലക്ഷ്യം
ഈ വർഷം മൂന്ന് റോബോട്ടുകളെ അവതരിപ്പിക്കാനുളള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. റീട്ടെയിൽ കമ്പനികള്‍, ഓൺലൈൻ ഫുഡ് ഓർഡർ കമ്പനികള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ റോബോട്ടുകളെ അവതരിപ്പിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
2022 സെപ്റ്റംബറിലാണ് ദുബൈ കിരീടാവകാശിയും യു.എ.ഇ. ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഡെലിവറി റോബോട്ടുകളെന്ന ആശയം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. ദുബൈയെ ലോകത്തെ സ്മാർട്ട് നഗരങ്ങളില്‍ ഒന്നാമതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ദുബൈയിലെ 25 ശതമാനം പ്രവർത്തനങ്ങളും 2030 ഓടെ ഓട്ടോണമസാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Related Articles
Next Story
Videos
Share it