

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ട് നിക്ഷേപവുമായി ബന്ധപ്പെട്ട അവകാശവാദം. ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മിച്ചു നല്കുന്ന തായ്‌വാന്‍ ആസ്ഥാനമായ ഫോക്‌സ്‌കോണിന്റെ പേരിലാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഫോക്‌സ്‌കോണ്‍ 15,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എന്‍.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.
14,000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കമെടുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഫോക്‌സ്‌കോണ്‍ ഇന്ത്യ പ്രതിനിധി റോബര്‍ട്ട് വു മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ സഹിതമാണ് തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ നിക്ഷേപത്തിന്റെ കാര്യം അറിയിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഫോക്‌സ്‌കോണ്‍ ഇന്ത്യ ഈ അവകാശവാദം നിഷേധിച്ച് രംഗത്തെത്തി. നിലവില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നില്ലെന്നാണ് കമ്പനി വ്യക്തമാക്കിയത്.
അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ അവകാശവാദം. വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നു.
തമിഴ്‌നാടിന് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ലഭിച്ച നിക്ഷേപങ്ങളെക്കുറിച്ചും എത്രയെണ്ണം യാഥാര്‍ത്ഥ്യമായെന്നതിനെപ്പറ്റിയും ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഈ വിഷയം സജീവമാക്കി നിലനിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ ആലോചന.
ഫോക്‌സ്‌കോണ്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ ചര്‍ച്ചയാണിതെന്നും ഈ നിക്ഷേപത്തെ പുതിയ നിക്ഷേമായിട്ടല്ല ഫോക്‌സ്‌കോണ്‍ കാണുന്നതെന്നുമായിരുന്നു തമിഴ്‌നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജയുടെ അവകാശവാദം. താരിഫ് പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ഇത്തരമൊരു നിക്ഷേപത്തിന്റെ കാര്യം തുറന്നു പറയാന്‍ കമ്പനിക്ക് ഭയമുണ്ടെന്നും മന്ത്രി പറഞ്ഞുവയ്ക്കുന്നു.
ലോകമെമ്പാടും വില്ക്കുന്ന ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും വലിയ നിര്‍മാതാക്കളാണ് ഫോക്‌സ്‌കോണ്‍. നിലവില്‍ ചെന്നൈയ്ക്ക് അടുത്തുള്ള ശ്രീപെരുംപുത്തൂരില്‍ ഫോക്‌സ്‌കോണിന് വലിയൊരു നിര്‍മാണ യൂണിറ്റുണ്ട്. ഇന്ത്യയില്‍ വില്ക്കുന്നതിന്റെ സിംഹഭാഗം ഐഫോണുകളും നിര്‍മിക്കുന്നത് ഇവിടെയാണ്.
തമിഴ്‌നാടിനെ ദക്ഷിണേഷ്യയിലെ ഇലക്‌ട്രോണിക്‌സ് നിര്‍മാണ ഹബ്ബാക്കി മാറ്റുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ അവകാശവാദം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ വിദേശനിക്ഷേപം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നുവെന്നത് സത്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine