
കേരളത്തിലെ പ്രീ-ഓണ്‍ഡ് വാഹന ഡീലര്‍ഷിപ്പിനുള്ള ആദ്യത്തെ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി റോയല്‍ ഡ്രൈവ്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറില്‍ നിന്നും റോയല്‍ ഡ്രൈവ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ മുജീബ് റഹ്‌മാന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് മികവിനും ഉപയോക്തൃ സംതൃപ്തിക്കുമുള്ള പ്രതിബദ്ധതയുടെ തെളിവാണെന്നും മുജീവ് റഹ്‌മാന്‍ പ്രതികരിച്ചു. ഗുണനിലവാരം, സത്യസന്ധത, വിശ്വാസ്യത എന്നിവയ്ക്കുള്ള സമര്‍പ്പണത്തിന് ഈ സര്‍ട്ടിഫിക്കേഷന്‍ അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ചട്ടം ഇങ്ങനെ
ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമ പ്രകാരം, യൂസ്ഡ് വാഹനങ്ങള്‍ വാങ്ങല്‍, വില്‍ക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ബന്ധപ്പെട്ട ആര്‍.ടി.ഒ മുഖേനയാണ് ഇതിന് അപേക്ഷിക്കേണ്ടത്. ആവശ്യമായ ഫീസ് അടയ്ക്കുകയും മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനയില്‍ തെളിയുകയും ചെയ്താല്‍ അഞ്ച് വര്‍ഷത്തേക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇത് വാഹനത്തിന്റെ ദുരുപയോഗം തടയുകയും അനാവശ്യമായ നിയമനടപടികളില്‍ നിന്നും ഉപയോക്താവിനെ രക്ഷിക്കുകയും ചെയ്യും.
വില്‍ക്കാനായി ഒരു വാഹനം ഡീലര്‍ക്ക് കൈമാറുമ്പോള്‍, വാഹന ഉടമയും ഡീലറും ആ വാഹനത്തിന്റെ വിശദാംശങ്ങള്‍ ഫോം 29ഇയില്‍ രേഖപ്പെടുത്തുകയും പോര്‍ട്ടലില്‍ സമര്‍പ്പിക്കുകയും വേണം. ആ നിമിഷം മുതല്‍ ഡീലര്‍ വാഹനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും താല്‍ക്കാലിക ഉടമസ്ഥതയും ഏറ്റെടുക്കുന്നു. ഇങ്ങനെയുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി മോട്ടോര്‍ വാഹന വകുപ്പ് നിരീക്ഷിക്കും. ടെസ്റ്റ് ഡ്രൈവ്,അറ്റകുറ്റപ്പണി തുടങ്ങിയ ആവശ്യങ്ങള്‍ക്കൊഴികെ ഈ വാഹനം ഡീലര്‍ക്ക് ഉപയോഗിക്കാനും കഴിയില്ല. ഇത്തരത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയതോടെയാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും റോയല്‍ ഡ്രൈവ് അറിയിച്ചു.
പബ്ലിക് ലിമിറ്റഡ് കമ്പനിയാകാന്‍ റോയല്‍ ഡ്രൈവ്
2016ല്‍ മലപ്പുറത്ത് ആരംഭിച്ച റോയല്‍ ഡ്രൈവ് കേരളത്തില്‍ അഞ്ച് ഷോറൂമുകളുമായി ദക്ഷിണേന്ത്യയിലെ പ്രീ ഓണ്‍ഡ് ആഡംബര കാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാണ് സൃഷ്ടിച്ചത്. മുജീബ് റഹ്‌മാന്റെയും സംഘത്തിന്റെയും നേതൃത്വത്തില്‍ ആഗോള സാന്നിധ്യമുള്ള ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറാനുള്ള ഒരുക്കത്തിലാണ് റോയല്‍ ഡ്രൈവ്.
Read DhanamOnline in English
Subscribe to Dhanam Magazine