

പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ രംഗത്തെ മുന്‍നിരക്കാരായ റോയല്‍ ഡ്രൈവ് ആഗോള വിപണിയിലേക്കെത്തുന്നു. 2025ഓടെ സൗദി അറേബ്യ അടക്കമുള്ള മാര്‍ക്കറ്റില്‍ പ്രവേശിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് റോയല്‍ ഡ്രൈവ് മാനേജിംഗ് ഡയറക്ടര്‍ മുജീബ് റഹ്‌മാന്‍ ധനംഓണ്‍ലൈനോട് വെളിപ്പെടുത്തി.
സൗദിയിലും ദുബൈയിലുമാകും അന്താരാഷ്ട്ര രംഗത്തേക്കുള്ള അരങ്ങേറ്റത്തിന് തുടക്കമിടുക. 2025ന്റെ തുടക്കത്തില്‍ തന്നെ പദ്ധതി നടപ്പിലാക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. സൗദിയില്‍ റോയല്‍ ഡ്രൈവിന്റെ ട്രേഡ് മാര്‍ക്ക് മുന്‍കൂട്ടി തന്നെ എടുത്തിട്ടുണ്ട്. മലയാളി ബ്രാന്‍ഡുകള്‍ക്ക് വളരാന്‍ പറ്റുന്നയിടങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഈ അവസരം മുതലാക്കുന്നതിനാണ് അവിടേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ലക്ഷ്വറി കാറുകളുടെ ഷോറൂമിനൊപ്പം സര്‍വീസ് സെന്ററും ഉണ്ടാകും.
2028ഓടേ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാകുകയെന്ന ലക്ഷ്യത്തോടെയാണ് റോയല്‍ ഡ്രൈവിന്റെ യാത്ര. പ്രാരംഭ ഓഹരി വില്പന മൂന്നു വര്‍ഷത്തിനുള്ളില്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും മുജീബ് റഹ്‌മാന്‍ വ്യക്തമാക്കി.
കേരളത്തില്‍ ഫ്രാഞ്ചൈസി അധിഷ്ഠിതമായ രീതിയും കമ്പനി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 2025-26 സാമ്പത്തികവര്‍ഷത്തില്‍ തന്നെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 20 സ്ഥലങ്ങളില്‍ ഫ്രാഞ്ചൈസികള്‍ അനുവദിക്കും. റോയല്‍ ഡ്രൈവ് സ്മാര്‍ട്ട് എന്ന പേരിലാകും പുതിയ കാല്‍വയ്പ്. ഫ്രാഞ്ചൈസി അനുവദിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്.
പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകള്‍ക്ക് സാധ്യതയുള്ള ജില്ലകളില്‍ കൂടുതല്‍ ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്ന രീതിയിലാകും ബിസിനസ് വിപുലീകരണം. ദീര്‍ഘകാല പഠനം നടത്തിയ ശേഷമാണ് ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്നതെന്നും മുജീബ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.
ഓഡി, ജാഗ്വാര്‍, ബി.എം.ഡബ്ല്യു, ലെക്സസ്, മെഴ്സിഡീസ് ബെന്‍സ്, ബെന്റ്ലി, ലംബോര്‍ഗിനി, വോള്‍വോ, ലാന്‍ഡ് റോവര്‍, പോര്‍ഷെ, മിനി കൂപ്പര്‍ തുടങ്ങിയ ആഡംബര കാറുകളെല്ലാം തന്നെ റോയല്‍ ഡ്രൈവിന്റെ ഷോറൂമിലെത്തിച്ചിട്ടുണ്ട്. കേരളത്തില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റി കസ്റ്റമേഴ്സും റോയല്‍ ഡ്രൈവിനുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,000 കോടി കമ്പനിയായി മാറാനുള്ള രീതിയിലാണ് റോയല്‍ ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine