ലുലുവിന്റെ സ്വപ്‌നപദ്ധതിക്ക് അപ്രതീക്ഷിത തടസം, സ്ഥലം വിട്ടുകൊടുക്കാന്‍ വിമുഖത; ആന്ധ്ര പ്രൊജക്ട് വൈകിയേക്കും

 Yusuff Ali MA, LuLu Group Chairman & Managing Director
Published on

ആന്ധ്രപ്രദേശില്‍ ഷോപ്പിംഗ് മാളും ഹൈപ്പര്‍മാര്‍ക്കറ്റും സ്ഥാപിക്കാനുള്ള ലുലുഗ്രൂപ്പിന്റെ നീക്കത്തിന് അപ്രതീക്ഷിത തിരിച്ചടി. വിജയവാഡയിലെ തന്ത്രപ്രധാന സ്ഥലം ലുലുഗ്രൂപ്പിന് പാട്ടത്തിന് കൈമാറുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (എ.പി.എസ്.ആര്‍.ടി.സി) സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം തര്‍ക്കത്തിലായിരിക്കുകയാണ്.

നഗരത്തിലെ തന്ത്രപ്രധാന മേഖലയിലുള്ള അഞ്ച് ഏക്കര്‍ സ്ഥലം പദ്ധതിക്കായി നല്കാന്‍ ആന്ധ്രപ്രദേശ് ഇന്‍ഡസ്ട്രീയല്‍ ഇന്‍ഫ്രാക്ടചര്‍ കോര്‍പറേഷന്‍ എ.പി.എസ്.ആര്‍.ടി.സിക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍, സ്ഥലം കൈമാറുന്ന കാര്യത്തില്‍ എതിര്‍പ്പുമായി ഇവര്‍ രംഗത്തെത്തിയിരിക്കുകയാണ്.

പദ്ധതി വൈകുമോ?

1,222 കോടി രൂപ മുടക്കില്‍ 2,000ത്തിലധികം പേര്‍ക്ക് തൊഴില്‍ നല്കുന്ന പദ്ധതിയാണ് ലുലുഗ്രൂപ്പ് വിജയവാഡയിലും വിശാഖപട്ടണത്തുമായി വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ വേഗം കൂട്ടുന്നതിനായി വിശാഖപട്ടണത്ത് 13.43 ഏക്കര്‍ ലുലുഗ്രൂപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ വിശാഖപട്ടണം മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയ്ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു.

ഇതിനൊപ്പം വിജയവാഡയിലും സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കിയിരുന്നു. വിജയവാഡയിലെ പദ്ധതിയിലാണ് ഇപ്പോള്‍ എതിര്‍പ്പ് ശക്തമായിരിക്കുന്നത്. എ.പി.എസ്.ആര്‍.ടി.സിയുടെ കൈവശമുള്ള സ്ഥലം കൈമാറുന്നതിനെതിരേ കോര്‍പറേഷന്‍ രംഗത്തു വന്നിട്ടുണ്ട്. 300 കോടി രൂപയ്ക്ക് അടുത്ത് മതിപ്പു വിലയുള്ള സ്ഥലം കൈമാറുന്നത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് എ.പി.എസ്.ആര്‍.ടി.സി പറയുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെടുമെന്നാണ് വിവരം.

ജഗന്‍ വഴിമുടക്കി നായിഡു കൈപിടിച്ചു

ലുലുവിന്റെ ആന്ധ്രയിലേക്കുള്ള വരവിന് 10 വര്‍ഷത്തിനടുത്ത് പഴക്കമുണ്ട്. 2017ല്‍ ആന്ധ്രയില്‍ ഷോപ്പിംഗ് മാള്‍ സ്ഥാപിക്കാന്‍ യൂസഫലി താല്പര്യം പ്രകടിപ്പിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന നായിഡു അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. ലുലുവിനായി 13.8 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്കാനും തീരുമാനമെടുത്തു.

തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി. അതോടെ പദ്ധതി ഉപേക്ഷിച്ച് ലുലുഗ്രൂപ്പ് മടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം തെലുഗുദേശത്തിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് പദ്ധതിക്ക് ജീവന്‍ വച്ചത്.

Lulu Group's Andhra project faces delays due to land dispute with APSRTC in Vijayawada

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com