കയറാന്‍ മടിച്ച് റബര്‍ വില, മണ്‍സൂണ്‍ ഉത്പാദനം കുറഞ്ഞേക്കും; തോട്ടങ്ങളില്‍ റെയിന്‍ഗാര്‍ഡ് സ്ഥാപിക്കല്‍ സ്തംഭനത്തില്‍

മെയ് മാസം തുടക്കത്തില്‍ തന്നെ മഴ ശക്തമായത് ടാപ്പിംഗിനെ കാര്യമായി ബാധിച്ചു. കര്‍ഷകര്‍ റെയിന്‍ ഗാര്‍ഡ് ഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തിരുന്നത് മെയ് അവസാനം ജൂണ്‍ ആദ്യ വാരങ്ങളിലായിരുന്നു
rubber plantation and tyre
Published on

കനത്ത മഴയില്‍ വേനലില്‍ ടാപ്പിംഗ് നിലച്ചിട്ടും റബര്‍ വിലയില്‍ ഉണര്‍വില്ല. സാധാരണഗതിയില്‍ ഉത്പാദനം കുറയുമ്പോള്‍ വില കൂടേണ്ടതാണ്. എന്നാല്‍ ഇത്തവണ കാര്യമായ ഉയര്‍ച്ചയുണ്ടായിട്ടില്ല. ടയര്‍ കമ്പനികളുടെ കൈയില്‍ ആവശ്യത്തിലധികം സ്റ്റോക്ക് ഉള്ളതാണ് വിലയെ സ്വാധീനിക്കാത്തതെന്ന് വ്യാപാരികള്‍ പറയുന്നു.

റബര്‍ ബോര്‍ഡ് ഇട്ടിരിക്കുന്ന വില 197 രൂപയാണ് നിലവില്‍. അന്താരാഷ്ട്ര വിലയുമായി കാര്യമായ വ്യത്യാസമില്ലെന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഉത്പാദനം കുറയുമ്പോള്‍ അന്താരാഷ്ട്ര വില കൂടി നില്‍ക്കുകയാണെങ്കില്‍ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ സക്രിയമായി ഇടപെടാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇറക്കുമതിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ടയര്‍ കമ്പനികള്‍ക്ക് സാധിക്കും. കിലോഗ്രാമിന് 204 രൂപയാണ് രാജ്യാന്തര വില.

തോട്ടങ്ങളില്‍ മ്ലാനത

മെയ് മാസം തുടക്കത്തില്‍ തന്നെ മഴ ശക്തമായത് ടാപ്പിംഗിനെ കാര്യമായി ബാധിച്ചു. കര്‍ഷകര്‍ റെയിന്‍ ഗാര്‍ഡ് ഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തിരുന്നത് മെയ് അവസാനം ജൂണ്‍ ആദ്യ വാരങ്ങളിലായിരുന്നു. എന്നാല്‍ മഴ മാറാത്തത് മൂലം റെയിന്‍ഗാര്‍ഡ് പിടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ തടസപ്പെട്ടിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ ഉത്പാദനം വലുതായി കുറയാന്‍ ഇത് കാരണമാകും.

രാജ്യത്ത് റബര്‍ വില പരിധിവിട്ട് കൂടാത്തതിന് കാരണം അനിയന്ത്രിതമായ ഇറക്കുമതിയാണ്. പ്രകൃതിദത്ത റബറില്‍ അസംസ്‌കൃത രാസവസ്തു ചേര്‍ത്ത റബര്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ ഇറക്കുമതി നടത്തുന്നുണ്ട്. കോംമ്പൗണ്ട് റബര്‍ വരുന്നതിലേറെയും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നാണ്.

സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ളതിനാല്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം സംയുക്ത റബറിന് 5 മുതല്‍ 10 ശതമാനം തീരുവ മാത്രമാണ് ഈടാക്കാന്‍ സാധിക്കുക. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രകൃതിദത്ത റബറിന് 25 ശതമാനമോ 30 രൂപയോ ആണ് ഇറക്കുമതി തീരുവ. ഇറക്കുമതി കൂട്ടി ആഭ്യന്തര വില ഇടിക്കുകയാണ് ടയര്‍ കമ്പനികളുടെ തന്ത്രമെന്നാണ് കര്‍ഷകരുടെ ആരോപണം.

Monsoon disrupts rubber production while prices stagnate, raising concerns among Kerala farmers

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com