

മാസങ്ങള്‍ക്കുശേഷം സംസ്ഥാനത്ത് റബര്‍ വില രാജ്യാന്തര വിലയെ മറികടന്നു. റബര്‍ ഉത്പാദക രാജ്യങ്ങളില്‍ ചരക്കുലഭ്യത കുറഞ്ഞതിനൊപ്പം സംസ്ഥാനത്തും ടാപ്പിംഗ് നിലച്ചു. ഇതും ആഭ്യന്തര വിലയില്‍ കയറ്റത്തിന് കാരണമായിട്ടുണ്ട്. ആര്‍.എസ്.എസ്4ന് 207 രൂപയാണ് റബര്‍ ബോര്‍ഡ് നല്‍കുന്ന വില. രാജ്യാന്തര വിപണിയില്‍ 202 രൂപയാണ് ഉയര്‍ന്ന വില.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റബര്‍ വില 250 രൂപയിലെത്തിയിരുന്നു. മഴക്കാല ടാപ്പിംഗ് കാര്യമായി നടക്കാതിരുന്നതാണ് അന്ന് വില പരിധിവിട്ട് ഉയരാനിടയാക്കിയത്. ചരക്കു ലഭ്യത കുറഞ്ഞതോടെ ടയര്‍ കമ്പനികള്‍ പലതും ഇടക്കാലത്ത് ഉത്പാദനം വെട്ടിച്ചുരുക്കിയിരുന്നു. സമാനമായ അവസ്ഥ ഈ മഴക്കാലത്തും വരാതിരിക്കാനുള്ള മുന്‍കരുതലാണ് വിലയില്‍ പ്രതിഫലിക്കുന്നതെന്ന വിലയിരുത്തല്‍ കര്‍ഷകര്‍ക്കുണ്ട്.
ഉയര്‍ന്ന വില കിട്ടുമെന്ന പ്രതീതി ജനിപ്പിച്ചാല്‍ കര്‍ഷകര്‍ മഴക്കാല ടാപ്പിംഗിന് പ്രാധാന്യം നല്കുമെന്ന തിരിച്ചറിവിലാണ് ടയര്‍ കമ്പനികള്‍ ഉയര്‍ന്ന വിലയ്ക്ക് ചരക്കു ശേഖരിക്കുന്നതെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ റബര്‍വിലയില്‍ 16 രൂപയോളം വര്‍ധിച്ചിരുന്നു. എന്നാല്‍ ഇതിന്റെ നേട്ടം കൊയ്യാന്‍ കര്‍ഷകര്‍ക്കു സാധിച്ചതുമില്ല.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇറക്കുമതി അത്ര ലാഭകരമല്ലാത്ത അവസ്ഥയാണ്. ആഭ്യന്തര വില ഇടിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇറക്കുമതിയിലൂടെ സാധിക്കുക. കണ്ടെയ്‌നര്‍ ചാര്‍ജും കപ്പല്‍ വാടകയും കുത്തനെ കൂടിയതാണ് ഇറക്കുമതിയെ ബാധിക്കുന്നത്. വരുന്ന സീസണില്‍ ആഗോള തലത്തില്‍ റബര്‍ ഉത്പാദനം 30 ശതമാനമെങ്കിലും ഇടിയുമെന്നാണ് കണക്ക്.
വില ഉയര്‍ന്നത് റബര്‍ മേഖലയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. നല്ല രീതിയില്‍ വേനല്‍മഴ ലഭിച്ചതോടെ ചെറുകിട കര്‍ഷകര്‍ ടാപ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്. മഴക്കാല ടാപ്പിംഗില്‍ വര്‍ധനയുണ്ടാക്കാന്‍ വില കൂടുന്നത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine