റബര്‍ വില താഴുന്നു, വര്‍ഷങ്ങളായി ടാപ്പിംഗ് നിലച്ചിരുന്ന തോട്ടങ്ങള്‍ പോലും സജീവം; കോമ്പൗണ്ട് റബര്‍ ഇറക്കുമതിയിലും വന്‍ വര്‍ധന

റബറിന് വില വര്‍ധിച്ചതോടെ അനുബന്ധ അസംസ്‌കൃത വസ്തുക്കളുടെയും വില കുത്തനെ കൂടി. തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചിട്ടുണ്ട്.
റബര്‍ വില താഴുന്നു, വര്‍ഷങ്ങളായി ടാപ്പിംഗ് നിലച്ചിരുന്ന തോട്ടങ്ങള്‍ പോലും സജീവം; കോമ്പൗണ്ട് റബര്‍ ഇറക്കുമതിയിലും വന്‍ വര്‍ധന
Published on

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഉയര്‍ന്ന റബര്‍ വില വീണ്ടും താഴുന്നു. ചരക്ക് ലഭ്യത വര്‍ധിച്ചതും ഇറക്കുമതി കൂടിയതുമാണ് ആഭ്യന്തര വിപണിയെ താഴേക്ക് നയിക്കുന്നത്. റബര്‍ ബോര്‍ഡ് അറിയിപ്പ് അനുസരിച്ച് വില ആര്‍എസ്എസ്4ന് 269 രൂപയാണ്. രാജ്യാന്തര വില കിലോഗ്രാമിന് 274 രൂപയും.

സംസ്ഥാനത്ത് കൂടുതല്‍ തോട്ടങ്ങളില്‍ മണ്‍സൂണ്‍ ടാപ്പിംഗ് ആരംഭിച്ചിട്ടുണ്ട്. ഇതോടെ വിപണിയിലേക്ക് കൂടുതല്‍ ചരക്ക് എത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് ആരംഭിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. വര്‍ഷങ്ങളായി ടാപ്പിംഗ് നടക്കാത്ത തോട്ടങ്ങള്‍ പോലും സജീവമായിട്ടുണ്ട്. റബര്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്നവര്‍ കൂടിയതാണ് റബര്‍ മേഖലയ്ക്ക് ഉണര്‍വ് വരാന്‍ കാരണം.

റബറിന് വില വര്‍ധിച്ചതോടെ അനുബന്ധ അസംസ്‌കൃത വസ്തുക്കളുടെയും വില കുത്തനെ കൂടി. തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചിട്ടുണ്ട്. ടാപ്പ് ചെയ്ത പാലെടുത്ത് നല്കുന്നതിന് മരമൊന്നിന് 4 രൂപയ്ക്ക് മുകളില്‍ വരെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്. റബര്‍ വില കൂടിയതാണ് കൂലി കൂടാന്‍ ഇടയാക്കിയത്.

കോമ്പൗണ്ട് റബര്‍ ഇറക്കുമതിയില്‍ വന്‍ വര്‍ധന

രാജ്യത്ത് കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ഇറക്കുമതിയില്‍ വന്‍വര്‍ധനയും കയറ്റുമതിയില്‍ നേരിയ വര്‍ധനയും രേഖപ്പെടുത്തി. 2023-24 കാലയളവില്‍ 1,69,820 ടണ്‍ ഇറക്കുമതി ചെയ്തപ്പോള്‍ 24-25ല്‍ 2,45,407 ടണ്ണായി ഉയര്‍ന്നു. വ്യാവസായിക ഉപയോഗത്തിനായി പ്രകൃതിദത്ത, അസംസ്‌കൃത റബറിനൊപ്പം രാസമിശ്രിതം ചേര്‍ത്തുതയാറാക്കുന്ന റബറാണ് കോമ്പൗണ്ട് റബര്‍.

2023-24 അപേക്ഷിച്ച് 24-25ല്‍ 44.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷമിത് 3,48,735 ടണ്ണായി വീണ്ടും ഉയര്‍ന്നു. 24-25നേക്കാള്‍ 42.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 2023-24ല്‍ 18,069 ടണ്‍ കോമ്പൗണ്ട് റബര്‍ കയറ്റുമതി ചെയ്തപ്പോള്‍ 24-25ല്‍ 17,085 ടണ്ണായി കുറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ 5.4 ശതമാനം കുറവ്. 25-26ല്‍ 12.7 ശതമാനം ഉയര്‍ന്ന് 19,261 ടണ്‍ കോമ്പൗണ്ട് റബര്‍ കയറ്റുമതി ചെയ്തതായും റബര്‍ ബോര്‍ഡ് പുറത്തുവിട്ട സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com