കേരളത്തില്‍ റബര്‍വില ഉയരുന്നു, രാജ്യാന്തര തലത്തില്‍ ഇടിയുന്നു! അപൂര്‍വ പ്രതിഭാസത്തിന് കാരണം ട്രംപും ചൈനയും!

രാജ്യത്തെ വ്യവസായങ്ങള്‍ക്ക് 14.1 ലക്ഷം ടണ്‍ റബര്‍ ആവശ്യമാണ്. എന്നാല്‍ എട്ടു ലക്ഷം ടണ്‍ മാത്രമാണ് ആഭ്യന്തര ഉത്പാദനം. 2030ഓടേ രാജ്യത്തെ റബര്‍ ഡിമാന്‍ഡ് 20 ലക്ഷം ടണ്ണായി ഉയരും
rubber plantation
Published on

മഴ കനത്തതോടെ സംസ്ഥാനത്ത് റബര്‍ വില ഉയരുന്നു. തോട്ടങ്ങളില്‍ ടാപ്പിംഗ് കുറഞ്ഞതോടെ മാര്‍ക്കറ്റിലേക്കുള്ള റബര്‍ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. റബര്‍ ബോര്‍ഡ് വിലയനുസരിച്ച് ആര്‍എസ്എസ്4 ഗ്രേഡിന്റെ നിരക്ക് 208 രൂപ വരെയായി. ലാറ്റക്‌സ് വില 144 രൂപയും.

സംസ്ഥാനത്ത് റബര്‍ വില കൂടുമ്പോഴും അന്താരാഷ്ട്ര വില താഴ്ന്നു തന്നെയാണ് നില്‍ക്കുന്നത്. ആഗോള തലത്തില്‍ ഡിമാന്‍ഡിലുള്ള അനിശ്ചിതത്വമാണ് കാരണം. തായ്‌ലന്‍ഡ് റബറിന്റെ വില 197 രൂപയാണ്. 190ന് താഴെ പോയശേഷം പതിയെ ഉയരുന്നുവെന്നത് റബര്‍ മേഖലയ്ക്ക് ആശ്വാസകരമാണ്. തായ്‌ലന്‍ഡില്‍ കാലാവസ്ഥ വ്യതിയാനം മൂലം ടാപ്പിംഗില്‍ തടസം നേരിടുന്നുണ്ട്.

ചൈനയും ട്രംപുമാണ് പ്രശ്‌നം

ആഗോള തലത്തില്‍ ഉത്പാദനം കുറഞ്ഞിട്ടും അന്താരാഷ്ട്ര വില കൂടാത്തതിന് പല കാരണങ്ങളുണ്ട്. ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുന്നതാണ് കാരണം. ഡൊണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ചൈനീസ് കമ്പനികളെ റബര്‍ വാങ്ങലില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

അതേസമയം, ചൈനീസ് സമ്പദ് വ്യവസ്ഥ തിരികെ വരുന്നുവെന്നത് റബര്‍ മേഖലയ്ക്ക് ആവേശം പകരുന്ന വാര്‍ത്തയാണ്. വരും മാസങ്ങളില്‍ വ്യവസായിക ഉത്പാദനം കൂടുമെന്നത് റബറിന്റെ വിലയിലും പ്രതിഫലിച്ചേക്കും. തീരുവ കാര്യത്തില്‍ തീരുമാനമായാല്‍ റബര്‍വിലയില്‍ വലിയ ഉണര്‍വ് പ്രകടമാകുമെന്ന പ്രതീക്ഷയാണ് ഈ മേഖലയ്ക്കുള്ളത്.

ഇന്ത്യയ്ക്ക് വേണം കൂടുതല്‍ റബര്‍

വിദേശ വിപണിയിലേക്ക് ഇന്ത്യന്‍ ടയര്‍ കമ്പനികളുടെ കയറ്റുമതി ഓരോ വര്‍ഷം കഴിയുന്തോറും കൂടി വരികയാണ്. ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി നടത്തുന്നതിലാണ് കമ്പനികളുടെ ശ്രദ്ധ. വരും വര്‍ഷങ്ങളില്‍ ടയര്‍ കമ്പനികള്‍ക്ക് കൂടുതല്‍ റബര്‍ വേണം. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും മറ്റ് ഉത്പാദക രാഷ്ട്രങ്ങളില്‍ നിന്നും ഇറക്കുമതി നടത്തിയാലും ആഭ്യന്തര റബറിന്റെ പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍ ഇതു കാരണമാകും.

രാജ്യത്തെ വ്യവസായങ്ങള്‍ക്ക് 14.1 ലക്ഷം ടണ്‍ റബര്‍ ആവശ്യമാണ്. എന്നാല്‍ എട്ടു ലക്ഷം ടണ്‍ മാത്രമാണ് ആഭ്യന്തര ഉത്പാദനം. 2030ഓടേ രാജ്യത്തെ റബര്‍ ഡിമാന്‍ഡ് 20 ലക്ഷം ടണ്ണായി ഉയരും. ആ സമയത്ത് രാജ്യത്തെ ഉത്പാദനം 10 ലക്ഷം ടണ്‍ മാത്രമായിരിക്കുമെന്നാണ് ടയര്‍ കമ്പനികളുടെ കൂട്ടായ്മയായ ആത്മയുടെ കണക്കുകൂട്ടല്‍.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപിപ്പിക്കാന്‍ സംഘടനയുടെ നേതൃത്വത്തില്‍ 1,000 കോടി രൂപയുടെ പദ്ധതി നടന്നു കൊണ്ടിരിക്കെയാണ്. എന്നിരുന്നാലും സ്വഭാവിക റബറിന്റെ ആവശ്യകത ഉയര്‍ന്നു തന്നെയിരിക്കുമെന്നത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കുന്ന ഘടകമാണ്.

Kerala rubber prices rise amid local shortages, while global rates remain low due to China demand slump and Trump-era tariff uncertainties

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com