

സംസ്ഥാനത്ത് റബര്‍ വിലയില്‍ നേരിയ മുന്നേറ്റം കണ്ട ആഴ്ചയാണ് കടന്നുപോകുന്നത്. 180 രൂപയില്‍ സ്ഥിരമായി നിന്നിരുന്ന വില 190ലേക്ക് കയറുന്നതിനാണ് ഈ വാരം സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്ത് ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. വേനല്‍ കനത്തതോടെ നേരത്തെ ടാപ്പിംഗ് തുടങ്ങിയ തോട്ടങ്ങളില്‍ ഉത്പാദനം കുത്തനെ കുറഞ്ഞിട്ടുണ്ട്. വരുംദിവസങ്ങളിലും വില കൂടുമെന്നാണ് വ്യാപാരികളുടെ നിരീക്ഷണം.
റബര്‍ബോര്‍ഡിന്റെ വില കിലോഗ്രാമിന് 191 രൂപയാണ്. ആര്‍എസ്എസ്4ന്റെ നിരക്കാണിത്. ആര്‍എസ്എസ്5ന് 186 രൂപയാണ് കിലോഗ്രാമിന് വില. അന്താരാഷ്ട്ര വിപണിയില്‍ ഇത് 194, 196 നിരക്കിലാണ്. സംസ്ഥാനത്ത് ഇത്തവണ ഉത്പാദനം വലിയതോതില്‍ താഴേക്ക് പോകുമെന്നാണ് പൊതുവിലയിരുത്തല്‍. വേനലിന്റെ ദൈര്‍ഘ്യം കൂടിയാല്‍ തോട്ടങ്ങള്‍ പലതും നേരത്തെ അടയ്ക്കും.
ഉത്പാദനം കുറയുമ്പോഴും വില ഉയരാത്തതിന് കാരണങ്ങള്‍ പലതാണ്. ടയര്‍ വ്യവസായത്തിലെ മാന്ദ്യത മുതല്‍ ക്രൂഡ് ഓയില്‍ വിലയിടിവ് വരെ റബര്‍ കര്‍ഷകരെ ബാധിക്കും. റബര്‍ വില കുറയാനുള്ള കാരണങ്ങള്‍-
ആഗോള റബര്‍ വിലയിലെ ഇടിവ്
പ്രകൃതിദത്ത റബറിന്റെ അന്താരാഷ്ട്ര വില കുറഞ്ഞാല്‍ അതിന്റെ പ്രതിഫലം നേരിട്ട് കേരള വിപണിയിലും പ്രതിഫലിക്കും. ചൈന, യൂറോപ്പ്, യുഎസ് തുടങ്ങിയ പ്രധാന ഉപഭോക്തൃ വിപണികളില്‍ ആവശ്യകത കുറയുമ്പോള്‍ ആഗോള വിലയിലും സ്വാധീനിക്കും.
ടയര്‍ വ്യവസായത്തിലെ മന്ദഗതി
റബറിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ടയര്‍ നിര്‍മാണ കമ്പനികളില്‍ ഉത്പാദനവും വില്‍പ്പനയും മന്ദഗതിയിലായാല്‍ റബറിന്റെ ആവശ്യകത കുറയും. വാഹനവില്‍പ്പനയിലെ ഇടിവും ഇലക്ട്രിക് വാഹനങ്ങളിലെ ഘടനാമാറ്റങ്ങളും ഇതിന് കാരണമാകാറുണ്ട്. ജിഎസ്ടി പരിഷ്‌കരണത്തിന് ശേഷം വാഹന വില്പന വര്‍ധിച്ചെങ്കിലും മുമ്പ് സ്റ്റോക്കുണ്ടായിരുന്ന റബറാണ് ടയര്‍ കമ്പനികള്‍ ഉപയോഗിക്കുന്നത്.
സിന്തറ്റിക് റബറുമായുള്ള മത്സരം
ക്രൂഡ് ഓയില്‍ വില താഴ്ന്നാല്‍ സിന്തറ്റിക് റബര്‍ കുറഞ്ഞ ചെലവില്‍ ലഭിക്കും. ഇത് പ്രകൃതിദത്ത റബറിന് പകരമായി ഉപയോഗിക്കാന്‍ കാരണമാകുകയും വില താഴ്ത്തുകയും ചെയ്യുന്നു.
ഇറക്കുമതി സമ്മര്‍ദം
കുറഞ്ഞ വിലയ്ക്ക് റബര്‍ ഇറക്കുമതി നടക്കുന്ന സാഹചര്യം ആഭ്യന്തര വിപണിയിലെ വിലയെ ബാധിക്കും. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യയിലേക്ക് റബര്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine