റബര്‍ ലഭ്യതയില്‍ വന്‍ കുറവ്, വന്‍ പ്രതിസന്ധി അരികെയെന്ന് ടയര്‍ കമ്പനികള്‍; ഇറക്കുമതി വര്‍ധിപ്പിക്കാന്‍ സമ്മര്‍ദം

റബര്‍ ബോര്‍ഡിന്റെ നിരക്ക് കിലോഗ്രാമിന് 212 രൂപ വരെയാണ്. ടയര്‍ കമ്പനികള്‍ ഇതിലും ഉയര്‍ന്ന വില നല്കി ചരക്കെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്
Rubber Sheets
Image : Canva
Published on

രാജ്യത്ത് സ്വഭാവിക റബറിന്റെ വരവ് കുറഞ്ഞതോടെ ടയര്‍ കമ്പനികള്‍ പ്രതിസന്ധിയില്‍. റബര്‍ ലഭ്യത കുറഞ്ഞത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ അടിയന്തിര നടപടി എടുക്കണമെന്നും ടയര്‍ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യത്ത് സ്വഭാവിക റബര്‍ ഏറ്റവും കൂടുതല്‍ വിപണിയിലെത്തിക്കുന്നത് കേരളമാണ്. കനത്ത മഴമൂലം ടാപ്പിംഗ് തടസപ്പെട്ടതോടെ റബറിന്റെ വരവ് തീര്‍ത്തും കുറഞ്ഞിരുന്നു. മാര്‍ക്കറ്റിലേക്കുള്ള റബര്‍ വരവ് കുറഞ്ഞതോടെ വിലയും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. റബര്‍ ബോര്‍ഡിന്റെ നിരക്ക് കിലോഗ്രാമിന് 212 രൂപ വരെയാണ്. ടയര്‍ കമ്പനികള്‍ ഇതിലും ഉയര്‍ന്ന വില നല്കി ചരക്കെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.

കാര്യമായി ചരക്ക് എത്തുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില കൂടുമെന്ന സൂചനയുള്ളതിനാല്‍ ടാപ്പിംഗ് നടത്തുന്ന കര്‍ഷകര്‍ ചരക്ക് പിടിച്ചു വച്ചിരിക്കുകയാണ്. മാത്രമല്ല, മഴക്കാലമായതിനാല്‍ കര്‍ഷകരിലേറെയും ഷീറ്റാക്കാന്‍ മെനക്കെടാതെ പാല്‍ ആയിട്ട് തന്നെയാണ് കൊടുക്കുന്നത്. തോട്ടങ്ങളില്‍ വന്ന് കമ്പനികള്‍ പാല്‍ ശേഖരിക്കുമെന്നതും കര്‍ഷകരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഷീറ്റായി റബര്‍ വില്‍ക്കുന്നതിലും എളുപ്പമാണെന്നതും പാല്‍ വില്പന കൂടാന്‍ കാരണമായിട്ടുണ്ട്.

അനുകൂല സാഹചര്യം

രാജ്യാന്തര വില നിലവില്‍ ആഭ്യന്തര വിലയേക്കാള്‍ കുറവാണ്. എന്നാല്‍ കയറ്റത്തിന്റെ സൂചനകളാണ് ബാങ്കോക്ക്, ക്വലാലംപൂര്‍ വിപണികള്‍ നല്കുന്നത്. കഴിഞ്ഞയാഴ്ച്ച 188 രൂപ വരെ താഴ്ന്ന രാജ്യാന്തര വില 200 കടന്നിട്ടുണ്ട്. തായ്‌ലന്‍ഡിലും മറ്റ് ഉത്പാദക രാജ്യങ്ങളിലും റബര്‍ ലഭ്യതയില്‍ വലിയ കുറവുണ്ട്.

അടുത്ത സീസണിലും ഉത്പാദനം കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നടക്കം ആവശ്യകത കൂടിയതും റബര്‍ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ വില ഇനിയും കൂടിയേക്കുമെന്ന സൂചനയാണുള്ളതെന്ന് കര്‍ഷക സംഘടനകളും വ്യക്തമാക്കുന്നു.

കേരളത്തില്‍ ഓരോ വര്‍ഷം ചെല്ലുന്തോറും ടാപ്പിംഗ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. റബര്‍ വെട്ടിമാറ്റി പൈനാപ്പിള്‍ ഉള്‍പ്പെടെ മറ്റ് കൃഷികളിലേക്ക് മാറുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മധ്യകേരളത്തില്‍ അടക്കം നിരവധി തോട്ടങ്ങള്‍ ടാപ്പിംഗ് നടത്താനാളില്ലാതെ കിടക്കുന്നുണ്ട്. പുതുതായി റബര്‍ വയ്ക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

ടയര്‍ കമ്പനികളുടെ നേതൃത്വത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ റബര്‍ പ്ലാന്റേഷന്‍ നടക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനകം ഇവിടെ നിന്ന് ആദ്യ ഘട്ട ടാപ്പിംഗ് തുടങ്ങും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ റബര്‍ ഉത്പാദനത്തില്‍ കേരളത്തിനുണ്ടായിരുന്ന ആധിപത്യം അവസാനിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ടയര്‍ കമ്പനികള്‍

വരും മാസങ്ങളില്‍ കൂടുതല്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് ടയര്‍ കമ്പനികള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ടയര്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തനം വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു. സ്വഭാവിക റബറിന്റെ ലഭ്യതക്കുറവായിരുന്നു കാരണം. സമാന അവസ്ഥ ഇത്തവണയുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് കമ്പനികള്‍. 35,000-40,000 ടണ്‍ റബര്‍ ഇപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ട് ടയര്‍ കമ്പനികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com