

സംസ്ഥാനത്ത് ഉത്പാദനം നേര്‍പകുതിയായി ചുരുങ്ങിയിട്ടും റബര്‍വിലയ്ക്ക് അനക്കമില്ല. രാജ്യാന്തര വില ഭേദപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്പോഴും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കാര്യമായ നേട്ടം കിട്ടാത്ത അവസ്ഥയാണ്. ആര്‍.എസ്.എസ്4ന് കേരളത്തിലെ ഉയര്‍ന്ന വില കിലോഗ്രാമിന് 188-191 രൂപയാണ്. രാജ്യാന്തര തലത്തിലിത് 210 രൂപയ്ക്ക് മുകളിലാണ്.
വേനല്‍ കടുത്തതോടെ ഒരുവിധം തോട്ടങ്ങളില്‍ ടാപ്പിംഗ് നിറുത്തിവച്ചിരിക്കുകയാണ്. ടാപ്പിംഗ് തുടരുന്നിടങ്ങളിലാകട്ടെ ഉത്പാദനം നാമമാത്രവും. കാര്യമായി വേനല്‍മഴ ലഭിച്ചശേഷമാകും ഇനി ടാപ്പിംഗ് പുനരാരംഭിക്കുക. വില കാര്യമായ ഉയരാത്തതോടെ വലിയ തോട്ടങ്ങള്‍ ടാപ്പിംഗ് താല്‍ക്കാലിക ഇടവേള നല്‍കിയിരിക്കുകയാണ്.
സാധാരണ ഉത്പാദനം കുറഞ്ഞ ഈ സമയങ്ങളില്‍ വില ഉയരേണ്ടതാണ്. എന്നാല്‍, ഉത്പാദനത്തിലെ ഇടിവിന് ആനുപാതികമായി വില കൂടുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ടയര്‍ കമ്പനികള്‍ വിപണിയില്‍ കാര്യമായ താല്പര്യം കാണിക്കാത്തതാണ് വില താഴ്ന്നു നില്‍ക്കാന്‍ കാരണം.
രാജ്യാന്തര തലത്തിലും ഉത്പാദനം കുറഞ്ഞ അവസ്ഥയിലാണ് റബര്‍. എന്നാല്‍ ആഗോള തലത്തില്‍ മാന്ദ്യ സമാന സ്ഥിതിവിശേഷം നിലനില്‍ക്കുന്നത് റബറിന്റെ ഡിമാന്റിനെയും ബാധിക്കുന്നുണ്ട്. ചൈന ഉള്‍പ്പെടെ റബര്‍ കൂടുതല്‍ ഉപയോഗിക്കുന്ന വിപണികളെല്ലാം മാന്ദ്യത്തിലാണ്. ഡിമാന്‍ഡ് ഉയരണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ടയര്‍ കമ്പനികളും പറയുന്നത്.
ടയര്‍ കയറ്റുമതി നാലാംപാദത്തില്‍ വലിയ തോതില്‍ ഇടിയുമെന്ന് പ്രമുഖ ടയര്‍ കമ്പനികള്‍ക്ക് ആശങ്കയുണ്ട്. മൂന്നാംപാദത്തില്‍ ഒട്ടുമിക്ക ടയര്‍ കമ്പനികളുടെയും ലാഭത്തില്‍ ഇടിവു സംഭവിച്ചിരുന്നു. ഈ സ്ഥിതിവിശേഷം അവസാന പാദത്തിലും തുടരുമെന്നാണ് സൂചന. റബര്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും ടയര്‍ കമ്പനികളുടെ ചെലവ് ഉയരാന്‍ കാരണമായി.
Read DhanamOnline in English
Subscribe to Dhanam Magazine