ഡിമാന്‍ഡ് ഉയരുന്നുവെങ്കിലും യുദ്ധ പേടിയില്‍ റബര്‍ വിലയില്‍ മാന്ദ്യത; അന്താരാഷ്ട്ര വില കുതിക്കുന്നു

കടുത്ത വേനല്‍ എത്തിയതോടെ സംസ്ഥാനത്തെ റബര്‍ ഉത്പാദനം പകുതിയായി കുറഞ്ഞിട്ടുണ്ട്
rubber plantation
Published on

ആഗോള റബര്‍ വില ഉയരുമ്പോഴും കേരള വിപണിയില്‍ വില താഴേക്ക്. രാജ്യാന്തര തലത്തില്‍ റബര്‍ ഉത്പാദനം ഈ വര്‍ഷം വലിയ തോതില്‍ താഴേക്ക് പോകുമെന്നാണ് കണക്കാക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2026ല്‍ ഡിമാന്‍ഡ് ഉയര്‍ന്നു നില്ക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിക്കുന്ന പ്രതിഫലനം ഏതു രീതിയില്‍ വിപണിയെ സ്വാധീനിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍.

220 രൂപയ്ക്ക് മുകളിലേക്ക് ചിലയിടങ്ങളില്‍ വില ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര വില ഇടിയുന്നതാണ് കണ്ടത്. റബര്‍ ബോര്‍ഡ് വിലയനുസരിച്ച് ആര്‍എസ്എസ്4 ഗ്രേഡ് 217 രൂപയ്ക്ക് താഴെയെത്തി. അതേസമയം, അന്താരാഷ്ട്ര വില ആര്‍എസ്എസ്4ന് 236 രൂപയ്ക്ക് മുകളിലാണ്. ആര്‍എസ്എസ്1 ഗ്രേഡിന്റെ വില 240 രൂപയ്ക്ക് മുകളിലാണ് രാജ്യാന്തര മാര്‍ക്കറ്റില്‍.

കടുത്ത വേനല്‍ എത്തിയതോടെ സംസ്ഥാനത്തെ റബര്‍ ഉത്പാദനം പകുതിയായി കുറഞ്ഞിട്ടുണ്ട്. വിലയില്‍ അടിക്കടി ഇടിവുണ്ടാകുന്നതിനാല്‍ ടാപ്പിംഗ് നടത്താതെ ഇട്ടിരിക്കുന്ന തോട്ടങ്ങളും കേരളത്തില്‍ ഏറെയാണ്. വില കൂടി നിന്നിരുന്ന സമയത്ത് ടാപ്പിംഗ് കൂലി വലിയതോതില്‍ ഉയര്‍ത്തിയിരുന്നു. വില കുറഞ്ഞപ്പോള്‍ ടാപ്പിംഗ് ചെലവ് കുറഞ്ഞതുമില്ല. ഇതോടെ പല തോട്ടങ്ങളും നിര്‍ജീവമായ അവസ്ഥയിലാണ്.

യുദ്ധം നീണ്ടുനിന്നില്ലെങ്കില്‍ ഉയരും വില

പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടുനിന്നാല്‍ റബര്‍ വില കാര്യമായി ഉയരില്ലെന്നാണ് വിദഗ്ധ വിലയിരുത്തല്‍. അതേസമയം, യുദ്ധത്തിന് എത്രയും പെട്ടെന്ന് ശമനമുണ്ടായാല്‍ അത് വിലയില്‍ പ്രതിഫലിക്കും. യൂറോപ്പിലടക്കം റബര്‍ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ലഭ്യത കുറഞ്ഞതോടെ ഡിമാന്‍ഡും വര്‍ധിച്ചു. വാഹന വിപണി ടോപ് ഗിയറിലാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ യുദ്ധത്തിന്റെ അനന്തരഫലം ദോഷകരമായി മാറിയേക്കാം.

ലോകത്തിലെ ഏറ്റവും വലിയ റബര്‍ ഉത്പാദകര്‍ തായ്ലന്‍ഡാണ്. ഇവിടെ ഉത്പാദനത്തില്‍ ഈ വര്‍ഷം വലിയ വര്‍ധനയുണ്ടാകില്ലെന്നാണ് വിവരം. രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയില്‍ 2022 മുതല്‍ ഉത്പാദനം താഴേക്കാണ്. റബര്‍ കൃഷിയില്‍ നിന്ന് പാമോയിലിലേക്ക് അവിടുത്തെ കര്‍ഷകര്‍ മാറിക്കൊണ്ടിരിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com