ചരക്ക് വരവ് കുറയുന്നു, റബര്‍ വില ഉയരുന്നു; വേനല്‍മഴയില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ഷകര്‍

നിലവില്‍ കേരളത്തില്‍ ആര്‍.എസ്.എസ്4 ഗ്രേഡിന്റെ വില 205 രൂപയാണ്. രാജ്യാന്തര വിപണിയില്‍ 209 രൂപയും
Rubber tree, rupee up
Image : Canva
Published on

സംസ്ഥാനത്ത് റബര്‍ വില ഉയരുന്നു. ഒരാഴ്ച മുമ്പുവരെ 200 രൂപയില്‍ താഴെയായിരുന്നു വില. വിപണിയിലേക്ക് ചരക്ക് വരവ് തീരെ കുറഞ്ഞതോടെയാണ് വിലയും ഉയര്‍ന്നു തുടങ്ങിയത്. ഈ വര്‍ഷം ഉത്പാദനം കുറവായിരിക്കുമെന്ന വാര്‍ത്തകള്‍ രാജ്യാന്തര തലത്തില്‍ റബര്‍ വിലയില്‍ കുതിപ്പുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നിലവില്‍ കേരളത്തില്‍ ആര്‍.എസ്.എസ്4 ഗ്രേഡിന്റെ വില 205 രൂപയാണ്. രാജ്യാന്തര വിപണിയില്‍ 209 രൂപയും. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഡിമാന്‍ഡ് ഉയരാത്തതാണ് വില പരിധിവിട്ട് കുതിക്കാത്തതിന് കാരണം. ഫെബ്രുവരി വരെ ആഭ്യന്തര വിപണിയില്‍ കാര്യമായി ഇടപെടാതിരുന്ന ടയര്‍ കമ്പനികള്‍ ചരക്ക് ശേഖരിക്കാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ട്. ഇതിന്റെ മാറ്റമാണ് വിലയിലും പ്രകടമാകുന്നത്.

ടയര്‍ കമ്പനികള്‍ക്ക് ശുഭപ്രതീക്ഷ

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ടയര്‍ കമ്പനികള്‍ക്ക് വില്പനയിലും വരുമാനത്തിലും വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ആഗോള തലത്തിലും രാജ്യത്തും നിലനിന്നിരുന്ന മാന്ദ്യരീതി പതിയെ മാറിവരുന്നത് ടയര്‍ വില്പനയിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യം കരകയറി വരുന്നത് റബര്‍ കര്‍ഷകര്‍ക്കും സന്തോഷം പകരുന്ന വാര്‍ത്തയാണ്. റബര്‍ ഉത്പാദനത്തിന്റെ സിംഹഭാഗവും ടയര്‍ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച കേരളത്തിലെ തോട്ടങ്ങളില്‍ ഇത്തവണ ഉത്പാദനവും തീരെ കുറവായിരുന്നു. കടുത്ത ചൂടും കാലാവസ്ഥ വ്യതിയാനവുമാണ് കാരണം. സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ വേനല്‍മഴ ലഭിച്ചത് റബര്‍ മേഖലയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. വേനല്‍ക്കാല ടാപ്പിംഗ് ചെറുകിട തോട്ടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. വില ഇനിയും ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

സബ്‌സിഡി വിതരണം പൂര്‍ത്തിയായില്ല

റബര്‍ ബോര്‍ഡ് കര്‍ഷകര്‍ക്ക് നല്കുന്ന സബ്‌സിഡി തുക ഇതുവരെ വിതരണം പൂര്‍ത്തിയാക്കിയിട്ടില്ല. റബര്‍ മരങ്ങളില്‍ റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കാന്‍ ഹെക്ടര്‍ ഒന്നിന് 4000 രൂപയാണ് റബര്‍ ബോര്‍ഡ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്. ചില റബര്‍ ഉല്‍പാദക സംഘങ്ങള്‍ ബോര്‍ഡിനെ വിശ്വസിച്ച് നിര്‍മ്മാണ സാമഗ്രികള്‍ കര്‍ഷകര്‍ വിതരണം ചെയ്തു. ചെലവായ ബില്ല് നല്‍കിയാല്‍ സബ്‌സിഡി തുക അനുവദിക്കുമെന്നായിരുന്നു ബോര്‍ഡിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതുവരെ സബ്‌സിഡി വിതരണം പൂര്‍ത്തിയാക്കാന്‍ ബോര്‍ഡിനായിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com