റബര്‍ വില കുത്തനെ ഇടിയുന്നു, ഉത്പാദനവും താഴേക്ക്; കാര്‍ഷികമേഖലയില്‍ ആശങ്ക

തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പോലുമുള്ള വില കിട്ടുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. റബര്‍ വില ഇടിഞ്ഞത് ടയര്‍ കമ്പനികള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്
rubber plantation and tyre
Published on

കര്‍ഷകരെ ആശങ്കയിലാഴ്ത്തി റബര്‍വില കൂപ്പുകുത്തുന്നു. ആര്‍എസ്എസ്4 ഗ്രേഡിന്റെ വില നിലവില്‍ 187 രൂപയ്ക്ക് താഴെയാണ്. വിലയ്‌ക്കൊപ്പം ഉത്പാദനവും ഇടിഞ്ഞതാണ് റബര്‍ മേഖല അനിശ്ചിതത്വത്തിലാണ്. റബര്‍ ബോര്‍ഡ് വില അനുസരിച്ച് 187 രൂപ വരെ പറയുന്നുണ്ടെങ്കിലും വ്യാപാരികള്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് ചരക്ക് ശേഖരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കിലോഗ്രാമിന് 220 രൂപയില്‍ കൂടുതലായിരുന്നു റബര്‍വില. കിലോഗ്രാമിന് 40 രൂപയ്ക്ക് മുകളിലാണ് കുറവു വന്നിരിക്കുന്നത്. ആഭ്യന്തര ഡിമാന്‍ഡ് താഴ്ന്നു നില്‍ക്കുന്നത് റബര്‍ വിലയില്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ടയര്‍ കമ്പനികള്‍ കഴിഞ്ഞ മാസങ്ങളില്‍ വന്‍തോതില്‍ റബര്‍ ഇറക്കുമതി ചെയ്തിരുന്നു. അന്താരാഷ്ട്ര വിലയും ആഭ്യന്തര വിലയും തമ്മില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ ഇറക്കുമതി ലാഭകരമാണ്. ആഭ്യന്തര വില ഇടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടയര്‍ കമ്പനികള്‍ വലിയ തോതില്‍ ഇറക്കുമതി നടത്തുന്നത്.

ഉത്പാദനം ഇടിഞ്ഞു

ഇത്തവണ ടാപ്പിംഗ് തുടങ്ങിയ തോട്ടങ്ങളിലെല്ലാം ഉത്പാദനം നേര്‍പകുതിയായി കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥ മാറ്റം റബറിനെ ദോഷകരമായി ബാധിച്ചെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിലയിടിവിനൊപ്പം ഉത്പാദവും കുറഞ്ഞതോടെ കൂലിക്ക് ആളെ നിര്‍ത്തി ടാപ്പിംഗ് നടത്തിയിരുന്ന തോട്ടങ്ങള്‍ പലതും നിശ്ചലമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റെക്കോഡ് വില വന്നപ്പോള്‍ തൊഴിലാളികളുടെ കൂലിയും വര്‍ധിപ്പിച്ചിരുന്നു.

റബര്‍ വില താഴേക്ക് പോയെങ്കിലും കൂലി കുറയ്ക്കാന്‍ തൊഴിലാളികള്‍ തയാറാകുന്നില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പോലുമുള്ള വില കിട്ടുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. റബര്‍ വില ഇടിഞ്ഞത് ടയര്‍ കമ്പനികള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. വിപണിയില്‍ നിന്ന് വിട്ടുനിന്ന് വിലയിടിക്കാനാണ് ടയര്‍ കമ്പനികളുടെ നീക്കം.

Rubber prices fall below ₹187 with production decline, raising concerns for Kerala farmers amid imports and weather challenges

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com