വിപണിയില്‍ അനുകൂല സാഹചര്യം, റബര്‍ വില പതിയെ ഉയരുന്നു; പ്രതീക്ഷയില്‍ കര്‍ഷകര്‍

തായ്‌ലന്‍ഡിലടക്കം ഇത്തവണ ഉത്പാദനത്തില്‍ ഇടിവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ടയര്‍ കമ്പനികള്‍ക്ക് അത്ര സുഖം പകരുന്ന വാര്‍ത്തയല്ല ഇത്
Rubber tree, rupee up
Image : Canva
Published on

സംസ്ഥാനത്ത് റബര്‍ വില നേരിയ തോതില്‍ ഉയരുന്നു. ജിഎസ്ടി പരിഷ്‌കാരത്തില്‍ കാര്‍ വില്പന കുതിച്ചതും സാമ്പത്തികരംഗം കൂടുതല്‍ സ്ഥിരത കൈവരിച്ചതും റബര്‍ മേഖലയ്ക്ക് കരുത്തായി. വരുംദിസങ്ങളില്‍ റബര്‍ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. കര്‍ഷകരുടെ കൈയില്‍ ആവശ്യത്തിന് ചരക്കില്ല. മഴമൂലം പലയിടത്തും ടാപ്പിംഗ് പൂര്‍ണതോതില്‍ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

ആര്‍എസ്എസ്4 റബറിന് റബര്‍ബോര്‍ഡ് വില 185 രൂപയാണ്. ഇടക്കാലത്ത് റബര്‍ബോര്‍ഡ് വിലയിലും കുറഞ്ഞ നിരക്കില്‍ ചരക്കെടുത്തിരുന്ന വ്യാപാരികള്‍ ഇപ്പോള്‍ അത്രയ്ക്ക് ബലം പിടിക്കുന്നില്ല. ചരക്ക് വരവ് തീര്‍ത്തും കുറഞ്ഞതാണ് കാരണം. കര്‍ഷകര്‍ റബര്‍ ഷീറ്റാക്കാതെ പാലായി തന്നെ വില്ക്കുന്നത് ഷീറ്റ് ലഭ്യത കുറച്ചിട്ടുണ്ട്.

വിപണിയില്‍ ക്ഷാമം

വിപണിയില്‍ നിന്ന് വിട്ടുനിന്ന് റബര്‍ വില ഇടിക്കാനുള്ള ടയര്‍ കമ്പനികളുടെ ശ്രമം കാര്യമായി വിജയിച്ചിട്ടില്ല. റബര്‍ ഉത്പാദനം കുറഞ്ഞതും ചരക്ക് വരവ് നിലച്ചതുമാണ് കാരണം. റബര്‍ സ്റ്റോക്കില്ലാത്തതിനാല്‍ ടയര്‍ കമ്പനികളുടെ സമ്മര്‍ദം വരും ദിസങ്ങളിലും ഏല്ക്കാന്‍ സാധ്യതയില്ല.

തെളിഞ്ഞ കാലാവസ്ഥ ലഭ്യമായതോടെ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. എന്നാല്‍ തുലാവര്‍ഷം വീണ്ടും സജീവമാക്കുമെന്ന കാലാവസ്ഥാ വിലയിരുത്തലുകള്‍ മേഖലയ്ക്ക് ആശ്വാസം പകരുന്നുണ്ട്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഉത്പാദനം കുറയുമെന്നാണ് പൊതുവിലയിരുത്തല്‍. നാലാം ഗ്രേഡ് റബര്‍ കിലോ 183 രൂപ വരെ ഇടിഞ്ഞ ശേഷം 184 രൂപയിലാണ്. അഞ്ചാം ഗ്രേഡ് 181 രൂപയിലും ലാറ്റക്‌സ് കിലോ 117 രൂപയിലും കൈമാറ്റം നടന്നു.

തായ്‌ലന്‍ഡിലടക്കം ഇത്തവണ ഉത്പാദനത്തില്‍ ഇടിവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ടയര്‍ കമ്പനികള്‍ക്ക് അത്ര സുഖം പകരുന്ന വാര്‍ത്തയല്ല ഇത്. അന്താരാഷ്ട്ര വില കൂടി നില്‍ക്കുന്നത് ടയര്‍ കമ്പനികളുടെ ഇറക്കുമതി മോഹങ്ങളെ തച്ചുടയ്ക്കും.

റബര്‍ താങ്ങുവില 200 രൂപയാക്കിയെങ്കിലും ഈ പണം കിട്ടാന്‍ വലിയ കാത്തിരിപ്പ് ആവശ്യമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വിപണിയില്‍ വലിയ ചലനം ഉണ്ടാക്കിയേക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com