

രാജ്യസഭയിലേക്ക് 11 അംഗങ്ങള്‍ കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ എന്‍.ഡി.എ സഭയില്‍ ഭൂരിപക്ഷം നേടി. ഭരണമുന്നണിയുടെ അംഗസംഖ്യ ഇതോടെ 121 ആയി ഉയര്‍ന്നു. ഇതില്‍ 96 പേര്‍ ബി.ജെ.പി അംഗങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വിജയിച്ച 11 പേരില്‍ ഒമ്പത് പേര്‍ ബി.ജെ.പിയില്‍ നിന്നാണ്. ഒരാള്‍ മഹാരാഷ്ടയിലെ എന്‍.സി.പി (അജിത്പവാര്‍) അംഗവും ഒരാള്‍ ബീഹാര്‍ രാഷ്ട്രീയ ലോക് മഞ്ച് അംഗവുുമാണ്. 12 സീറ്റുകളില്‍ നിന്ന് ഒരു കോണ്‍ഗ്രസ് അംഗമാണ് വിജയിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ കേന്ദ്രമന്ത്രി മലയാളിയായ ജോര്‍ജ്ജ് കുര്യനുമുണ്ട്. ബി.ജെ.പി അംഗമായ അദ്ദേഹം മധ്യപ്രദേശില്‍ നിന്നാണ് വിജയിച്ചത്.
രാജ്യസഭയില്‍ 245 സീറ്റുകളാണുള്ളത്. നിലവിലെ അംഗങ്ങളുടെ എണ്ണം 237 ആണ്. ഭൂരിപക്ഷത്തിന് വേണ്ടത് 119 സീറ്റുകളാണ്. എട്ട് ഒഴിവുകളാണ് നികത്താനുള്ളത്. നാലെണ്ണം ജമ്മു കശ്മീരില്‍ നിന്നാണ്. നാലെണ്ണം രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നവരും. ഇത് കൂടി എന്‍.ഡി.എക്ക് അനുകുലമായാല്‍ വ്യക്തമായ ഭുരിപക്ഷം നേടാനാകും. 245 അംഗ സഭയില്‍ കുറഞ്ഞത് 125 അംഗങ്ങളുണ്ടാകും. രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ഇപ്പോള്‍ 85 അംഗങ്ങളാണുള്ളത്. തെലങ്കാനയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വിയാണ് കഴിഞ്ഞ ദിവസം വിജയിച്ചത്. കോണ്‍ഗ്രസ് 27, തൃണമൂല്‍ 13, ആം ആദ്മി 10, ഡി.എം.കെ 10 എന്നിങ്ങനെയാണ് പ്രതിപക്ഷത്തുള്ള അംഗങ്ങള്‍. രാജ്യസഭയില്‍ ഭൂരിപക്ഷമുറപ്പിക്കുന്നതോടെ സര്‍ക്കാരിന് ബില്ലുകള്‍ എളുപ്പത്തില്‍ പാസാക്കാനാകും.
Read DhanamOnline in English
Subscribe to Dhanam Magazine