

എച്ച് വണ്‍ ബി വീസയുടെ വാര്‍ഷിക ഫീസ് കുത്തനെ ഉയര്‍ത്തി യു.എസ് ഭരണകൂടം. ഐടി ഫീല്‍ഡില്‍ അടക്കം ജോലി ചെയ്യുന്ന ഉന്നത വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും ആവശ്യമുള്ള മേഖലകളില്‍ നിന്നുള്ള വിദേശ പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വീസ. ഇനി മുതല്‍ എച്ച് വണ്‍ ബി വീസയ്ക്ക് വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ ആയിരിക്കും. ഏകദേശം 88 ലക്ഷം ഇന്ത്യന്‍ രൂപ വരുമിത്.
കൂടുതല്‍ വരുമാനം സര്‍ക്കാരിലേക്ക് എത്തിക്കുകയെന്ന നയത്തിന്റെ ഭാഗമായിട്ടാണ് ട്രംപ് ഭരണകൂടം ഈ പരിഷ്‌കാരം കൊണ്ടുവന്നത്. ഇന്ത്യയില്‍ നിന്ന് ടെക് മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് തിരിച്ചടിയാണ് പുതിയ മാറ്റം. എച്ച് വണ്‍ ബി അപേക്ഷകരില്‍ ഇന്ത്യക്കാരാണ് മുന്നില്‍. ചൈനയും കാനഡയുമാണ് തൊട്ടുപിന്നില്‍. ട്രംപ് ഭരണകൂടത്തിന്റെ പുതിയ പരിഷ്‌കാരം ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ബാധിക്കും.
അമേരിക്കന്‍ തൊഴിലാളികളുടെ ജോലി സംരംക്ഷിക്കുന്നതിനും യു.എസ് ട്രഷറി വരുമാനം ഉയര്‍ത്തുന്നതിനുമാണ് വീസ ഫീസ് ഉയര്‍ത്തിയതെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ഐടി ജോലിക്കായി യു.എസിലേക്ക് പോകുന്നവര്‍ക്ക് വലിയ തിരിച്ചടിയാകും ഈ നീക്കം. 1990ലാണ് എച്ച് വണ്‍ ബി വീസ പദ്ധതി ആരംഭിക്കുന്നത്.
ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി ഏറ്റവും മികച്ച വിദേശ ഉദ്യോഗാര്‍ഥികളെ കൊണ്ടുവരാനാണ് എച്ച്-1ബി വിസ നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. വര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയാറുള്ള വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള ഒരു മാര്‍ഗമായി ഇതു മാറിയെന്നും ടെക് ലോകം പുതിയ മാറ്റത്തില്‍ സംതൃപ്തരാണെന്നും ട്രംപ് അവകാശപ്പെട്ടു.
എച്ച്‌വണ്‍ ബി വീസ ഫീസ് ഉയര്‍ത്തിയതോടെ അമേരിക്കന്‍ ടെക് കമ്പനികള്‍ വിദേശത്തു നിന്ന് വിദഗ്ധ തൊഴിലാളികളെ എത്തിക്കുന്നതില്‍ നിന്ന് പിന്നോട്ടു പോയേക്കും. കാരണം, ഈ തുക അടയ്ക്കുന്നത് കമ്പനികളാണ്. ഉയര്‍ന്ന ഫീസ് നല്കി വിദേശ ജീവനക്കാരെ കൊണ്ടുവരുന്നതിനേക്കാള്‍ അമേരിക്കക്കാരെ ഈ സ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. അമേരിക്കക്കാര്‍ക്ക് കൂടുതല്‍ വിദഗ്ധ ജോലികള്‍ ലഭ്യമാക്കുകയെന്ന നയം നടപ്പിലാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ പരിഷ്‌കാരം മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ബഹുരാഷ്ട്ര കമ്പനികളും ഈ നീക്കത്തോട് അനുകൂലമല്ലെന്നാണ് വിവരം. വൈദഗ്ധ്യം വേണ്ട മേഖലകളില്‍ അമേരിക്കയില്‍ നിന്നുള്ളവരെ കിട്ടുകയെന്നത് എളുപ്പമല്ല. അമേരിക്കന്‍ കമ്പനികള്‍ക്ക് ആഗോള വമ്പന്മാരുമായി മത്സരിക്കാനുള്ള ക്ഷമത കുറയ്ക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്ന് പലരും അഭിപ്രായപ്പെടുന്നു.
വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര തൊഴിലാളികളെ നിയമിക്കുന്ന കമ്പനികള്‍ ഏതൊരു ജീവനക്കാരനും ആറ് വര്‍ഷം വരെ പ്രതിവര്‍ഷം 100,000 ഡോളര്‍ നല്‍കേണ്ടിവരും. ഈ മാറ്റം പുതിയ അപേക്ഷകരെയും വീസ പുതുക്കുന്നവരെയും ബാധിക്കും. എച്ച് വണ്‍ ബി വീസകള്‍ക്ക് മൂന്ന് മുതല്‍ ആറ് വര്‍ഷം വരെയാണ് കാലാവധിയുള്ളത്. ഇപ്പോള്‍ വീസ ലഭിച്ചവര്‍ തല്‍ക്കാലം ഇതില്‍ നിന്ന് സുരക്ഷിതരാണ്.
പുതിയ നിരക്കുകള്‍ വരുന്നത് പ്രതിഭകളെ യു.എസില്‍ നിന്ന് പിന്‍തിരിക്കാന്‍ ഇടയാക്കുമെന്ന ഭയം കമ്പനികള്‍ക്കുണ്ട്. വലിയ ശമ്പളവും ആനുകൂല്യവും ലഭിക്കുമെന്നതിനാല്‍ പ്രതിഭകളുടെ ആദ്യ ലക്ഷ്യസ്ഥാനമാണ് യു.എസ്. ഇതിനു മാറ്റം വരാന്‍ പോകുന്നത് യു.എസ് കമ്പനികള്‍ക്കും തിരിച്ചടിയാകും.
Read DhanamOnline in English
Subscribe to Dhanam Magazine