
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളെ പകരച്ചുങ്കത്തിന്റെ ചുരികയോങ്ങി നില്‍ക്കുന്ന നേരത്ത് ചൈനയുടെ ഇന്ത്യന്‍ സ്ഥാനപതി സു ഫീഹോങ് ഒരു വെടി പൊട്ടിച്ചു. വ്യാപാര സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് കൂടുതല്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ചൈന തയാര്‍. വ്യാപാരത്തിലും മറ്റു മേഖലകളിലും ഇന്ത്യയുമായി ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണ്. ചൈനീസ് വിപണിക്ക് ഇണങ്ങുന്ന കൂടുതല്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനും തയാര്‍.
ചൈനയും ഇന്ത്യയുമായുള്ള പരസ്പര വ്യാപാരം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 101 കോടി ഡോളര്‍ വരും. ചൈനയുമായുള്ള വ്യാപാരത്തില്‍ വലിയ കമ്മിയാണ് ഇന്ത്യക്ക്. അഥവാ, ഇങ്ങോട്ടു വരുന്നതിനേക്കാള്‍ അങ്ങോട്ടുള്ള കയറ്റുമതി കുറവ്. പെട്രോളിയം എണ്ണ, ഇരുമ്പയിര്, സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കയറ്റുമതി.
ബുധനാഴ്ച ട്രംപ് തത്തുല്യ ചുങ്കം പ്രഖ്യാപിക്കാന്‍ തയാറെടുത്തു നില്‍ക്കുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് നികുതി കുറച്ച് കൂടുതലായി ഇറക്കുമതി ചെയ്യാന്‍ മോദി സര്‍ക്കാര്‍ വഴിയൊരുക്കി കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ്. അക്കാര്യം അദ്ദേഹം കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു. ചില വിട്ടുവീഴ്ചകള്‍ക്ക് ഇതിനകം തയാറായി നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍, വേണ്ടിവന്നാല്‍ അമേരിക്കയെ കൂടുതല്‍ പ്രീണിപ്പിക്കാനുള്ള പുറപ്പാടിലുമാണ്.
അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനൊപ്പം പരസ്പര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയും ചൈനയും കൂടുതല്‍ താല്‍പര്യപൂര്‍വം ഈയിടെയായി ശ്രമിക്കുന്നുണ്ട്. 2020 മുതല്‍ മോശമായി നില്‍ക്കുന്ന ബന്ധത്തിലാണ് ഈ മാറ്റം. പക്ഷേ, അമേരിക്കയെ പിണക്കി അയല്‍ക്കാരനെ ചേര്‍ത്തു നിര്‍ത്താന്‍ തക്ക സാഹചര്യം ഇന്ത്യക്കുണ്ടോ? ചോദ്യം അതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine