ഡിസംബര്‍ അവസാനിക്കും മുമ്പ് രൂപ 90 പിന്നിടുമോ? റെക്കോഡ് താഴ്ചയില്‍; പ്രത്യാഘാതം എന്തൊക്കെ?

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ വൈകുന്നതും ഇതുസംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങളും രൂപയുടെ ഇടിവിന് കാരണമാകുന്നുണ്ട്
Rupee Symbol in Hand, Rupee coin down  graph
Image : Canva
Published on

ഡോളറിനെതിരേ രൂപയുടെ വിനിമയ നിരക്ക് സര്‍വകാല താഴ്ചയില്‍. രണ്ടാഴ്ച്ച മുമ്പ് രേഖപ്പെടുത്തിയ 89.49 രൂപയാണ് ഇന്ന് മറികടന്നത്. 89.83 രൂപയില്‍ നിലവില്‍ ഡോളറിനെതിരേ രൂപയുടെ നിരക്ക്. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെലവുകള്‍ ഉയരുന്നതിന് കാരണമാകുന്നതടക്കം സാമ്പത്തിക, വ്യാപാര രംഗങ്ങളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ വൈകുന്നതും ഇതുസംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങളും രൂപയുടെ ഇടിവിന് കാരണമാകുന്നുണ്ട്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് തുടര്‍ച്ചയായി വിറ്റൊഴിവാകുന്നതും രൂപയെ ബാധിച്ചിട്ടുണ്ട്.

വ്യാപാര കമ്മിയിലെ വിടവ് വര്‍ധിക്കുന്നത് രൂപയ്ക്ക് പ്രതികൂല ഘടകമാണ്. സ്വര്‍ണം, ക്രൂഡ്ഓയില്‍ ഇറക്കുമതിക്കായി കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യ കൂടുതല്‍ വിദേശനാണ്യം ചെലവഴിച്ചിരുന്നു. 41.7 ബില്യണ്‍ ഡോളറാണ് ഒക്ടോബറിലെ വ്യാപാരകമ്മി. ഇത് സര്‍വകാല ഉയരത്തിലുള്ളതാണ്.

സ്വര്‍ണ ഇറക്കുമതിക്കായി ഇക്കാലയളവില്‍ 14.7 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചു. അതേസമയം, യുഎസിലേക്കുള്ള കയറ്റുമതി 28 ശതമാനത്തോളം ഇടിയുകയും ചെയ്തു. രാജ്യത്തിന് ഏറ്റവുമധികം ഡോളര്‍ ലഭിക്കുന്നത് യുഎസിലേക്കുള്ള കയറ്റുമതിയിലൂടെയാണ്.

രൂപയുടെ ഇടിവ് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സെപ്റ്റംബറില്‍ 7.91 ബില്യണ്‍ ഡോളര്‍ കരുതല്‍ശേഖരത്തില്‍ നിന്ന് വിറ്റഴിച്ചിരുന്നു. യുഎസുമായി നല്ലൊരു വ്യാപാരബന്ധം പുനസ്ഥാപിക്കുന്നതോടെ രൂപയുടെ വീഴ്ചയ്ക്ക് അറുതിയാകുമെന്നാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ വാദം.

രൂപയുടെ വീഴ്ച്ച സമ്പദ്‌വ്യവസ്ഥയില്‍ ഏതൊക്കെ രീതിയില്‍ ബാധിക്കും:

1. ഇറക്കുമതി ചെലവേറിയതാക്കും

ഇന്ധനം, സ്വര്‍ണം, വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തുടങ്ങിയവ കൂടുതല്‍ ചെലവേറിയതാകും.

2. കോര്‍പറേറ്റ് ലാഭത്തില്‍ ഇടിവ്

അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ചെലവേറിയതാകുന്നത് കോര്‍പറേറ്റ് കമ്പനികളുടെ ലാഭത്തില്‍ പ്രതിഫലിക്കും. ഇത് ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പിന്‍മാറ്റത്തിന് വേഗത കൂട്ടും.

3. കരുതല്‍ ധനം ഇടിയും

രൂപയെ പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ കരുതല്‍ ധനശേഖരം വിറ്റഴിക്കേണ്ടി വരും. അതേസമയം രൂപയുടെ ഇടിവ് സമ്പദ് വ്യവസ്ഥയില്‍ വലിയ തിരിച്ചടി ഉണ്ടാക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്ത്യയിലേക്ക് പണമയയ്ക്കുന്ന പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്നതാണ് രൂപയുടെ ഇടിവ്. വിദേശത്തു നിന്ന് അയയ്ക്കുന്ന പണത്തിന് നാട്ടില്‍ മൂല്യം കൂടും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പണമയയ്ക്കല്‍ കൂടുന്നത് രൂപയുടെ മൂല്യം ഇടിയുന്ന സന്ദര്‍ഭങ്ങളിലാണ്. അതേസമയം, വിദേശങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നട്ടില്‍ നിന്ന് കൂടുതല്‍ പണം അയയ്‌ക്കേണ്ടി വരുന്നത് തിരിച്ചടിയാണ്.

Indian Rupee hits record low against the dollar due to trade deficit and investor pullout, raising import costs and impacting the economy

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com