Begin typing your search above and press return to search.
യുക്രെയ്നുമായുളള യുദ്ധം ഉടന്‍ അവസാനിപ്പിക്കില്ലെന്ന് റഷ്യ; യുദ്ധം നീളുന്നത് ഇന്ത്യക്ക് ഗുണമോ?, രാജ്യത്ത് എണ്ണവില താഴുമോ?
യുദ്ധം അവസാനിപ്പിക്കാനുള്ള യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുടെ നീക്കം റഷ്യ തളളി. യുക്രെയ്നിലെ പ്രത്യേക സൈനിക ഓപ്പറേഷൻ തുടരുമെന്നും റഷ്യ പ്രഖ്യാപിച്ചു. അതേസമയം യുദ്ധം അവസാനിപ്പിക്കാനുളള പദ്ധതിയുടെ മുഴുവൻ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ യുക്രെയ്ന്‍ പ്രസിഡന്റ് തയാറായില്ല.
യുദ്ധം തുടരുമെന്ന് റഷ്യ
യു.എസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന് ശേഷം യു.എസില്‍ അധികാരത്തില്‍ വരുന്നവര്‍ക്കും മുന്നില്‍ പദ്ധതി അവതരിപ്പിക്കുമെന്നും സെലെൻസ്‌കി പറഞ്ഞു. റഷ്യയ്ക്കുള്ളിൽ ആഴത്തിൽ ആക്രമണം നടത്താൻ യു.എസ് നൽകിയ ആയുധങ്ങൾ ഉപയോഗിക്കാൻ യുക്രെയ്ന്‍ സൈന്യത്തെ അനുവദിക്കാൻ വാഷിംഗ്ടണിൽ സമ്മർദ്ദം ചെലുത്തുന്ന കാര്യവും സെലെൻസ്കി പരിഗണിക്കുന്നുണ്ട്.
എന്നാല്‍ മേഖലയില്‍ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ യുദ്ധം തുടരുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ആഗസ്റ്റ് 6 ന് റഷ്യന്‍ അതിര്‍ത്തിയില്‍ കയറി യുക്രെയ്ന്‍ അഴിച്ചുവിട്ട നുഴഞ്ഞുകയറ്റ ആക്രമണത്തെ ചെറുക്കുന്നതിലാണ് ക്രെംലിൻ നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ കിഴക്കൻ യുക്രെയ്നിലെ ഡൊനെറ്റ്സ്ക് (Donetsk) മേഖലയിൽ ശക്തമായ ആക്രമണവും റഷ്യ നടത്തുന്നുണ്ട്.
യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യ അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതോടെയാണ് ഇന്ത്യക്ക് കുറഞ്ഞ ചെലവില്‍ ക്രൂഡ് റഷ്യയില്‍ നിന്ന് ലഭിച്ചു തുടങ്ങിയത്.
റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ വലിയ വര്‍ധന
2022 ൽ യുക്രെയ്നെ ആക്രമിച്ചതിന് ശേഷം യു.എസും യൂറോപ്യൻ യൂണിയനും റഷ്യക്ക് കനത്ത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുമ്പ് റഷ്യന്‍ ക്രൂഡിന്റെ 65 ശതമാനവും വാങ്ങിയിരുന്നത് യു.എസും യൂറോപ്യൻ യൂണിയനുമായിരുന്നു. ഉപരോധങ്ങൾ റഷ്യയെ പുതിയ വാങ്ങലുകാരിലേക്ക് തിരിയാൻ നിർബന്ധിതരാക്കുകയായിരുന്നു.
ഇന്ത്യ ഇപ്പോൾ അതിന്റെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയിൽ നിന്നാണ് സ്വീകരിക്കുന്നത്. ഇതു ശരാശരി പ്രതിദിനം 1.6 ദശലക്ഷം ബാരൽ വരുമെന്ന് അന്താരാഷ്ട്ര എനര്‍ജി ഏജന്‍സിയായ ബിംകോയുടെ ( BIMCO) കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് മുമ്പുള്ള 2021 നെ അപേക്ഷിച്ച് 1000 ശതമാനം വർധനയാണ് ഇത്.
ജൂലൈയിൽ റഷ്യൻ ക്രൂഡിന്റെ ഇറക്കുമതിയില്‍ ഇന്ത്യ ചൈനയെ പിന്തളളുകയും ചെയ്തു. കഴിഞ്ഞ മാസം പ്രതിദിനം 2.07 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ചൈന ഈ കാലയളവില്‍ 1.76 ദശലക്ഷം ക്രൂഡാണ് ഇറക്കുമതി ചെയ്തത്.
അതേസമയം ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന എണ്ണ ആവശ്യകത മൂലം റഷ്യയില്‍ നിന്നുളള ഇറക്കുമതി മതിയാകില്ലെന്നാണ് ബിംകോ പ്രവചിക്കുന്നത്. ഇന്ത്യയെ ബദൽ വിതരണക്കാരെ തേടുന്നതിലേക്ക് ഈ സാഹചര്യം ഇന്ത്യയെ നയിച്ചേക്കാം.
നിലപാട് വ്യക്തമാക്കി ഇന്ത്യ
റഷ്യയില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് വ്യക്തമായ നയമുളളതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറയുന്നു. ഇന്ത്യ ഒരു വലിയ എണ്ണ ഉപഭോക്താവാണ്. ക്രൂഡ് ഓയില്‍ വാങ്ങാന്‍ തങ്ങള്‍ ഒരു രാഷ്ട്രീയ തന്ത്രങ്ങളും പയറ്റുന്നില്ല. ക്രൂഡ് ഓയില്‍ വാങ്ങാൻ ഒരു തന്ത്രമുണ്ട്. അത് കമ്പോള തന്ത്രമാണെന്നും ജയശങ്കർ വ്യക്തമാക്കി.
കുറഞ്ഞ ചെലവില്‍ എവിടെ നിന്ന് ക്രൂഡ് ലഭിക്കുന്നുവോ, ആ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. യുദ്ധ സാഹചര്യത്തിലും റഷ്യൻ ക്രൂഡ് വാങ്ങുന്നത് ഇന്ത്യ തുടരുന്നത് ആവർത്തിക്കുന്നത് ജയശങ്കർ ന്യായീകരിക്കുകയും ചെയ്തു.
ഉയർന്ന വില നല്‍കുന്നത് കാരണം ഗള്‍ഫ് രാജ്യങ്ങള്‍ യൂറോപ്പിന് എണ്ണ വില്‍ക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഇന്ത്യക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഈടാക്കുന്ന ഉയർന്ന വില താങ്ങാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ.
Next Story
Videos