Begin typing your search above and press return to search.
റഷ്യ ആദ്യ അഞ്ചില്‍ ഇടം നേടിയോ?
2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരാനുള്ള ഇന്ത്യയുടെ യാത്രയ്ക്കിടെ അപ്രതീക്ഷിതമായൊരു എതിരാളിയോ? കഴിഞ്ഞ ഓഗസ്റ്റില്‍ ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ജിഡിപിയെ അടിസ്ഥാനമാക്കിയുള്ള പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി കണക്കിലെടുത്താല്‍ 2021ല്‍ തന്നെ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാനെ റഷ്യ മറികടന്നു കഴിഞ്ഞു. ഫിന്‍ഷോട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം അന്നുമുതല്‍ ഇന്നുവരെ അതേ പോലെ തുടരുകയുമാണ്.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിനിടയിലും എങ്ങനെ റഷ്യയ്ക്കിത് സാധിക്കുന്നു? യുക്രൈന്‍ യുദ്ധത്തിനെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യുദ്ധം നടക്കുന്ന വേളയില്‍ അതിനുള്ള ഫണ്ടും റഷ്യയ്ക്ക് കണ്ടെത്തേണ്ടിയിരുന്നു. എന്നാല്‍ റഷ്യന്‍ ജിഡിപി ചുരുങ്ങുമെന്ന എല്ലാ നിഗമനങ്ങളെയും തെറ്റിച്ച് കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം വളര്‍ച്ച നേടി. പ്രതികൂലമായ നിരവധി ഘടകങ്ങള്‍ ഉണ്ടായിട്ടും എങ്ങനെയാണത് സംഭവിച്ചത്?
ക്രൂഡ് ഓയില്‍ കയറ്റുമതി
ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ ലോകത്തെ രണ്ടാമത്തെ ശക്തിയാണ് റഷ്യ. ഇന്ത്യയും ചൈനയും വലിയ തോതിലാണ് റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. യുദ്ധം പ്രഖ്യാപിച്ചതോടെ റഷ്യയുടെ പൊതു ചെലവിടല്‍ വന്‍തോതില്‍ കൂടിയെന്ന് മറ്റൊരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. റഷ്യയുടെ കേന്ദ്രബാങ്ക് കൂടുതല്‍ കറന്‍സി അച്ചടിച്ചു. സര്‍ക്കാര്‍ ആയുധങ്ങള്‍ക്കും പടക്കോപ്പുകള്‍ക്കുമായി വന്‍തോതില്‍ പണം ചെലവിട്ടുകൊണ്ടേയിരുന്നു. റഷ്യന്‍ സൈന്യത്തിനു വേണ്ട ആയുധങ്ങളും പടക്കോപ്പുകളും നിര്‍മിക്കാന്‍ റഷ്യന്‍ ഫാക്ടറികള്‍ ഇരട്ടി ഓവര്‍ടൈമിലൊക്കെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ അധികമായുള്ള ചെലവിടലും ഉല്‍പ്പാദനവും ജിഡിപി വളര്‍ച്ചയെ സഹായിച്ചു.
ഡോളറിലും യൂറോയിലും പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നില്ല
റഷ്യയില്‍ നിന്ന് പണം പുറത്തുകൊണ്ടുപോകാന്‍ പാശ്ചാത്യ കമ്പനികള്‍ക്ക് സാധിക്കാത്ത സാഹചര്യവും അവിടെയുണ്ടായി. റഷ്യയിലെ ആസ്തികള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക് ഡോളറിലും യൂറോയിലും പണം പിന്‍വലിക്കാന്‍ അനുവാദമില്ലെന്ന നിയമവും അവര്‍ ഉണ്ടാക്കി. ഇതെല്ലാം റഷ്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമായി. യുദ്ധത്തിന് അന്ത്യമാകുമ്പോള്‍ ഈ വളര്‍ച്ച നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുമോയെന്നത് മാത്രമാണ് ഇപ്പോഴത്തെ ചോദ്യം.
Next Story
Videos