

റഷ്യയിലെ കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നടുങ്ങി ലോകം. റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ആറാമത്തെ ഭൂകമ്പമാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ പറയുന്നു. ഭൂകമ്പത്തിന് പിന്നാലെ റഷ്യ, ജപ്പാന്‍ തീരങ്ങളില്‍ സുനാമിത്തിരകള്‍ ആഞ്ഞടിച്ചു. ചൈനയുടെ കിഴക്കന്‍ തീരം, യു.എസ്, പെറു, ഹവായ്, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലും സുനാമി വീശിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. പസഫിക്ക് തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് പേരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റിത്താമസിപ്പിച്ചു. ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
പസഫിക്ക് സമുദ്രത്തിലുള്ള റഷ്യയുടെ കാംചത്ക ദ്വീപിലാണ് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 6.9 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങളുമുണ്ടായി. പിന്നാലെ സ്വെറോ-കുറില്‍സ്‌ക്ക് മേഖലയില്‍ സുനാമിത്തിരകള്‍ ആഞ്ഞടിച്ചു. പിന്നാലെ ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. 2011ലെ സുനാമിയില്‍ ഫുകുഷിമ ആണവ നിലയത്തിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ജപ്പാനിലെ ഹൊക്കൈഡോ തീരത്ത് 13 അടി ഉയരത്തിലുള്ള സുനാമിത്തിരകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ സുനാമിയുണ്ടാകുമെന്ന് യു.എസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൂന്ന് മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള തിരമാല റഷ്യ, ഇക്വഡോര്‍ തീരത്തെത്തും. 1-3 മീറ്റര്‍ ഉയരമുള്ള തിരകള്‍ ജപ്പാന്‍, ഹവായ്, ചിലി, സോളമന്‍ ഐലന്റ് എന്നിവിടങ്ങളിലുമുണ്ടാകും. പസഫിക്ക് സമുദ്രത്തിലെ മറ്റ് തീരങ്ങളില്‍ ചെറിയ തോതിലുള്ള സുനാമിത്തിരകള്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ന്യൂസിലാന്റ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂകമ്പസാധ്യത ഏറെയുള്ള പസഫിക് സമുദ്രത്തിലെ റിംഗ് ഓഫ് ഫയര്‍ പ്രദേശത്താണ് റഷ്യയുടെ കിഴക്കന്‍ പ്രദേശമായ കംചത്ക സ്ഥിതി ചെയ്യുന്നത്. മേഖലയില്‍ 1952ന് ശേഷമുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine