
റഷ്യ സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് ഏതുവിധേനയും തടയണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്‌സ് ബെര്‍ഗില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറം യോഗത്തിലാണ് പുടിന്‍ ഇക്കാര്യമുന്നയിച്ചത്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പിന് പിന്നാലെയാണിത്.
രണ്ട് വര്‍ഷത്തെ ധ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചക്ക് ശേഷം രാജ്യം യുക്രെയിന്‍ യുദ്ധത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചതോടെ വളര്‍ച്ചാ നിരക്ക് കുറയുന്നത് സ്വാഭാവികമാണെന്നാണ് റഷ്യയുടെ വിലയിരുത്തല്‍. എന്നാല്‍ റഷ്യന്‍ ധനകാര്യ മന്ത്രി മാക്‌സിം റെഷെട്‌നിക്കോവ് അടക്കമുള്ളവര്‍ക്ക് മറ്റൊരു അഭിപ്രായമാണുള്ളത്. നിലവിലെ ബിസിനസ് പ്രവണതകള്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സാമ്പത്തിക പ്രവണതകളും കമ്പനികളുടെ പ്രകടനവും പ്രതിസന്ധിയുടെ സൂചന നല്‍കുന്നുണ്ട്. നിലവിലെ 20 ശതമാനം പലിശ നിരക്ക് ബിസിനസുകള്‍ക്ക് തടസമാണെന്നും ഇക്കാര്യത്തില്‍ തിരുത്തല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് പണപ്പെരുപ്പം പിടിച്ചുനിറുത്താന്‍ റഷ്യന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് 21 ശതമാനമാക്കി ഉയര്‍ത്തിയത്. 2000ന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കായിരുന്നു ഇത്. അടുത്തിടെയാണ് ഇതില്‍ ഒരുശതമാനം കുറച്ച് 20 ശതമാനമാക്കിയത്.
പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക വിലക്ക് നിലനില്‍ക്കുന്നുണ്ടെങ്കിലും 2023,2024 വര്‍ഷങ്ങളില്‍ സാമ്പത്തിക രംഗം വലിയ വളര്‍ച്ച നേടിയെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നത്. പ്രതിരോധ രംഗത്ത് റഷ്യന്‍ ഭരണകൂടം നടത്തിവന്ന നിക്ഷേപമാണ് ഇതിന് കരുത്തേകിയതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പ്രതിരോധ രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ റഷ്യയുടെ സാമ്പത്തിക വളര്‍ച്ചയെ അധികം വളര്‍ത്തില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
അതേസമയം, കഴിഞ്ഞ ദിവസം സാമ്പത്തിക ഫോറത്തിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പുടിന്‍ രാജ്യം ശരിയായ പാതയിലാണെന്നാണ് പറഞ്ഞത്. പ്രതിരോധം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ ഊന്നിമാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക രംഗം മുന്നോട്ടുപോകുന്നത്. അതുപോലെ ഫിനാന്‍ഷ്യല്‍, ഐ.ടി വ്യവസായങ്ങളും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സഹായിക്കുന്നുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക രംഗത്തിന് ആവശ്യം സന്തുലിതമായ വളര്‍ച്ചയാണെന്ന് പറഞ്ഞ പുടിന്‍ രാജ്യത്തെ വ്യവസായ മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
എല്ലാ യൂറോപ്യന്‍ രാജ്യങ്ങളുടെയും പ്രതിരോധ ചെലവിനേക്കാള്‍ വലുതാണ് റഷ്യ സൈനിക ആവശ്യങ്ങള്‍ക്ക് ചെലവിടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024ല്‍ റഷ്യയുടെ പ്രതിരോധ ചെലവുകള്‍ 145.9 ബില്യന്‍ ഡോളര്‍ ആണെന്നാണ് കണക്കുകള്‍. ജി.ഡി.പിയു4ടെ 6.7 ശതമാനമാണിത്. തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധന. സമാനകാലയളവില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ആകെ പ്രതിരോധ ചെലവ് 457 ബില്യന്‍ ഡോളറാണ്. എന്നാല്‍ റഷ്യയിലെ വാങ്ങല്‍ ശേഷിയെ (purchasing power parity) ആഗോള വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യന്‍ പ്രതിരോധ ചെലവ് 461.6 ബില്യന്‍ ഡോളര്‍ വരുമെന്നാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക്ക് സ്റ്റഡീസിന്റെ മിലിറ്ററി ബാലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2025ലെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി 126 ബില്യന്‍ ഡോളറാണ് റഷ്യ മാറ്റിവെച്ചിരിക്കുന്നത്.
Russia’s economy minister warns of an impending recession, while President Putin insists that a downturn must be avoided to protect national stability.
Read DhanamOnline in English
Subscribe to Dhanam Magazine