

കേരളത്തിന്റെ സ്വപ്‌ന റെയില്‍വേ പദ്ധതികളിലൊന്നായ ശബരിപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രം നിര്‍ദ്ദേശിച്ച മാറ്റങ്ങളോട് താല്പര്യം പ്രകടിപ്പിക്കാതെ കേരളം. ഒറ്റവരി പാതയില്‍ നിന്ന് ഇരട്ടപ്പാതയാക്കണമെന്നതുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട രണ്ട് നിര്‍ദ്ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ തള്ളി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരട്ടപ്പാത ആവശ്യം ഭാവിയില്‍ പരിഗണിക്കാമെന്ന തീരുമാനത്തിലെത്തിയത്.
3,810 കോടി രൂപയാണ് ശബരി പാതയുടെ ആകെ ചെലവ്. ഇതില്‍ പാതി വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഈ തുക കണ്ടെത്താനായി റിസര്‍വ് ബാങ്കുമായി ത്രികക്ഷി കരാര്‍ ഉണ്ടാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക പരാധീനതകളിലൂടെ കടന്നുപോകുന്നതിനാല്‍ കരാറില്‍ ഒപ്പിടേണ്ടതില്ലെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം.
റെയില്‍വേ അടുത്തിടെ കേരളത്തിനൊരു കത്തയച്ചിരുന്നു. ശബരിപാത ഇരട്ടപ്പാതയാക്കണമെന്നായിരുന്നു ആവശ്യം. ഈ പാത പമ്പവരെ നീട്ടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇരട്ടപ്പാതയാക്കുമ്പോള്‍ ചെലവ് കുത്തനെ ഉയരും. 9,600 കോടി രൂപയാണ് ഇരട്ടപ്പാതയുടെ ചെലവായി കണക്കാക്കുന്നത്. ഏകദേശം 4,500 കോടി രൂപ ഇതിനായി സംസ്ഥാനം കണ്ടെത്തേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം.
ശബരി പാതയ്ക്ക് സ്ഥലമേറ്റെടുക്കാന്‍ റെയില്‍വേ 2,111.83 കോടിരൂപ സംസ്ഥാന സര്‍ക്കാരിലേക്ക് റെയില്‍വേ നിക്ഷേപിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആകെ 475 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ട സ്ഥാനത്ത് 64 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
അങ്കമാലിയെയും എരുമേലിയെയും ബന്ധിപ്പിക്കുന്ന റെയില്‍വേപാതയാണ് ശബരിപാത. 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണത്തിന് 1998ലാണ് റയില്‍വേ അംഗീകാരം നല്‍കുന്നത്. എന്നാല്‍ നാമമാത്രമായ പണികള്‍ മാത്രമാണ് 25 വര്‍ഷത്തിനിടെ തുടങ്ങാനായത്. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരിപാതയില്‍ സ്റ്റേഷനുകള്‍ വരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine