ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമ ഘട്ടത്തില്‍

ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീര്‍ണവും കെട്ടിടങ്ങളുടെ വിശദമായ വിവരവും കണ്ടെത്തുന്ന നടപടികള്‍ അവസാന ഘട്ടത്തില്‍. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ സംസ്ഥാന റവന്യു വകുപ്പ് ധൃതഗതിയില്‍ നടപ്പാക്കി തുടങ്ങിയിരുന്നു.

വിവരങ്ങള്‍ സമാഹരിക്കുന്നു

പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ കെട്ടിടങ്ങളും വീടും നഷ്ടപ്പെടുന്നവരുടെ വിവരങ്ങളുമാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. ഇതിനായി നിയോഗിക്കപ്പെട്ട കണ്‍സള്‍ട്ടന്‍സി ജീവനക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാരിത്തോട് മേഖലയില്‍ വിവരശേഖരണം നടത്തിയിരുന്നു. ഇത്തരത്തില്‍ പരിശോധന നടത്തിയ വീടുകളുടെ വിസ്തീര്‍ണം, വീട്ടിലെ അംഗങ്ങളുടെ ജോലി, വരുമാനം, വയസ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലം പരിഗണിച്ചായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക.

ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് കൂടാതെ 165 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കുക. ഇവര്‍ക്കുള്ള പുനഃരധിവാസവും പാക്കേജുകളും ഉടന്‍ തയ്യാറാക്കും. അടുത്ത ഘട്ടത്തില്‍ ഏറ്റെടുക്കാനുള്ള സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി നഷ്ടപരിഹാര നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പ്രത്യേകം ഓഫിസ് തുറന്ന് സ്പെഷ്യല്‍ തഹസില്‍ദാരെ നിയമിക്കും.എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കേസിന്റെ വിധിയും നിര്‍ണായകമാണ്.

കടമ്പകളേറെ

സ്ഥലമേറ്റെടുപ്പിനുള്ള അന്തിമ വിജ്ഞാപനത്തിന് മുന്നോടിയായി റവന്യു വകുപ്പും വിമാനത്താവള നിര്‍മാണ അധികൃതരും ചേര്‍ന്നു സംയുക്ത പരിശോധന നടത്തും. സ്ഥലത്തിന്റെ പ്രാധാന്യം അനുസരിച്ച് വിവിധ കാറ്റഗറികളായി തിരിക്കും. ഈ കാറ്റഗറിക്ക് യോജ്യവും സമാനവുമായ ആധാരങ്ങള്‍ കണ്ടെത്തും. അഞ്ചോ ആറോ ആധാരങ്ങളുടെ ശരാശരിവിലയുടെ അടിസ്ഥാനത്തിലാണു സ്ഥലവില നിര്‍ണയിക്കുന്നത്. ഈ അടിസ്ഥാനവിലയുടെ ഒപ്പം കെട്ടിടങ്ങള്‍, മരങ്ങള്‍, മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വില കൂടി നിശ്ചയിക്കും.

എല്‍.എ ആക്ട് അനുസരിച്ച് ആധാരത്തിന്റെ ഒന്നര ഇരട്ടി വില കണ്ടെത്തും. ഇതാണു കമ്പോള വില. ഇതിനൊപ്പം കമ്പോള വിലയുടെ ഇരട്ടി കണക്കാക്കും. അന്തിമ വിജ്ഞാപനത്തിന് ശേഷം എത്ര നാള്‍ കഴിഞ്ഞാണോ സ്ഥലം ഏറ്റെടുക്കുന്നത് ആ കാലയളവില്‍ 12 ശതമാനം പലിശയും കൂടി ലഭിക്കും. ഇതുകൂടാതെ തൊഴില്‍ നഷ്ടം, കൃഷിയിടങ്ങളുടെ നഷ്ടം തുടങ്ങിയവ കണക്കാക്കി പുനരധിവാസ പാക്കേജ് തയാറാക്കും. വില നിര്‍ണയത്തില്‍ തര്‍ക്കമുള്ളവര്‍ക്കു കോടതിയെ സമീപിച്ച് കൂടുതല്‍ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാം.

മൂന്നു വര്‍ഷത്തിനുളളില്‍

സ്ഥലം ഏറ്റെടുത്ത് കൈമാറിയാല്‍ മൂന്നു വര്‍ഷത്തിനുളളില്‍ വിമാനത്താവളം സജ്ജമാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നിരവധി അനുമതികള്‍ ലഭിക്കേണ്ടതുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയാണ് ഇതില്‍ പ്രധാനം. കൂടാതെ കമ്പനി രൂപീകരണത്തിനും അനുമതി വേണം. കമ്പനി രൂപീകരിച്ച ശേഷം പിന്നീട് സംസ്ഥാന അഗ്നിരക്ഷാ സേനാ, പൊലീസ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവരെ അനുമതിക്കായി സമീപിക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it