2,570 ഏക്കറില്‍ ഒരുങ്ങുന്നു കേരളത്തിന്റെ അഞ്ചാം വിമാനത്താവളം, 3450 കോടി രൂപ ചെലവ്, മൂന്ന് ജില്ലകള്‍ക്ക് കരുത്താകും

ഈ വര്‍ഷം തന്നെ പദ്ധതിക്ക് വേണ്ട ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം
Airport
Canva
Published on

കോട്ടയം ജില്ലയിലെ എരുമേലിയില്‍ നിര്‍മിക്കുന്ന ശബരി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം യാഥാര്‍ത്ഥ്യത്തിലേക്ക്. ഭരണാനുമതിയും ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനവും പുറപ്പെടുവിച്ചതോടെ പദ്ധതിക്ക് വേണ്ട ഭൂമിയേറ്റെടുക്കല്‍ നടപടിക്ക് തുടക്കമായി. എത്ര രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിശ്ചയിച്ച് ഈ വര്‍ഷം തന്നെ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇതിനായി എരുമേലിയിലോ കാഞ്ഞിരപ്പള്ളിയിലോ റവന്യൂ വകുപ്പിന്റെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് തുറക്കും. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കിയ ശേഷം കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കും.

3,450 കോടി ചെലവ്

3,450 കോടി രൂപ ചെലവിട്ടാണ് കോട്ടയം ജില്ലയിലെ ഏരുമേലിയില്‍ വിമാനത്താവളം സ്ഥാപിക്കുന്നത്. 3,500 മീറ്ററില്‍ കുറയാതെ നീളത്തില്‍ റണ്‍വേ നിര്‍മിക്കും.നിര്‍മാണ ഘട്ടത്തില്‍ ചുരുങ്ങിയത് 8,000 പേര്‍ക്കും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 600 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

ഏറ്റെടുക്കുന്നത് 2,570 ഏക്കര്‍

കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ഏകദേശം 2,570 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്നത്. ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് അടക്കമുള്ള ഭൂമിയാണിത്. പദ്ധതിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 245 പേരുടെ ഭൂമിയും ഏറ്റെടുക്കും. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമം അനുസരിച്ചാണ് ഭൂമിയേറ്റെടുക്കല്‍. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയ ശേഷമേ ഭൂമിയേറ്റെടുക്കൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

മൂന്ന് ജില്ലകള്‍ക്ക് കരുത്താകും

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങള്‍ക്കും ഉപയോഗപ്പെടുന്നതാണ് നിര്‍ദ്ദിഷ്ട ശബരി വിമാനത്താവളം. കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കും തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇതുവഴി കഴിയും. പമ്പയില്‍ നിന്ന് 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വിനോദസഞ്ചാര, വ്യവസായ മേഖലക്കും പുത്തനുണര്‍വ് നല്‍കാന്‍ വിമാനത്താവളം സഹായിക്കും. കോട്ടയം ടൗണില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരത്തിലായതിനാല്‍ വിദേശമലയാളികള്‍ക്കും ഏറെ സഹായമാകുന്ന പദ്ധതിയാണിത്.

യു.പിക്കൊപ്പം കേരളവും

നിലവില്‍ രാജ്യത്ത് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ആണുള്ളത്. ശബരി വിമാനത്താവളം കൂടി യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളെന്ന പദവി കൂടി കേരളത്തിന് ലഭിക്കും.

Kerala's Sabarimala Greenfield Airport project advances with land acquisition approval and ongoing DPR preparation.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com