
ചെറിയ അളവിലുള്ള കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ ന്യായീകരിക്കാന്‍ ആകുന്നതല്ലെന്നും അദ്ദേഹം പറയുന്നു. 2022ല്‍ സാദിഖ് ഖാന്‍ തന്നെ രൂപീകരിച്ച ലണ്ടന്‍ ഡ്രഗ്‌സ് കമ്മിഷന്‍ (എല്‍.ഡി.സി) സമാനമായ റിപ്പോര്‍ട്ട് പുറത്തിറക്കിയതിന് പിന്നാലെയാണ് മേയറുടെ വിചിത്രമായ ആവശ്യം. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ ചിന്തകള്‍ ആവശ്യമാണെന്നാണ് മേയറുടെ നിലപാട്.
കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെ മാത്രം ഇരകളാക്കുന്നുവെന്നാണ് എല്‍.ഡി.സിയുടെ കണ്ടെത്തല്‍. ഈ വിഭാഗങ്ങളും പൊലീസും തമ്മിലുള്ള ബന്ധത്തിലും ഇത് വിള്ളലുണ്ടാക്കുന്നതായി മുന്‍മന്ത്രി ലോര്‍ഡ് ചാര്‍ളി ഫാല്‍ക്കോണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അതുണ്ടാക്കുന്ന അപകടത്തിന്റെ ആനുപാതികമായല്ല നടപ്പിലാക്കുന്നത്. എന്നാല്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരെയും വില്‍ക്കുന്നവരെയും ഒരേ പോലെ പരിഗണിക്കരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു.കെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കിയ അമേരിക്കയിലെയും കാനഡയിലെയും ചില പ്രദേശങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നതെന്ന് യു.കെ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പും പറയുന്നു. ചില കാരണങ്ങളുള്ളത് കൊണ്ടാണ് കഞ്ചാവിനെ നിയമവിരുദ്ധമാക്കിയത്. കഞ്ചാവ് ഉപയോഗം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കും. അമിതമായ ഉപയോഗം മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.
പാക് വംശജരായ കുടിയേറ്റക്കാരുടെ മകനായ സാദിഖ് ഖാന്‍ ലണ്ടനിലാണ് ജനിച്ചത്. അഭിഭാഷകനായ ഇദ്ദേഹം 1994 മുതല്‍ 2006 വരെ വാന്‍ഡ്‌സ്‌വര്‍ത്തില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു. 2016ല്‍ ലണ്ടന്‍ മേയറായി.
London Mayor Sadiq Khan backs decriminalising cannabis for personal use, citing unjust laws and calling for public health-focused reforms.
Read DhanamOnline in English
Subscribe to Dhanam Magazine