ട്രഷറി ഫ്രീസറില്‍; ഹിമാചലില്‍ രണ്ട് ലക്ഷം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ രണ്ട് ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഒന്നര ലക്ഷത്തോളം വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷനും ലഭിച്ചിട്ടില്ല. സെപ്തംബര്‍ ഒന്നിന് ശമ്പളത്തിനായി കാത്തിരുന്ന ജീവനക്കാര്‍ നിരാശയിലാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഹിമാചല്‍ സര്‍ക്കാര്‍ കടന്നു പോകുന്നത്. രണ്ട് മാസത്തേക്ക് ശമ്പളം എടുക്കില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖുവും മറ്റ് മന്ത്രിമാരും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജീവനക്കാര്‍ക്ക് ഒന്നാം തീയ്യതി ശമ്പളം മുടങ്ങുന്നത്. സംസ്ഥാനം സാമ്പത്തിക അടിയന്തിരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാനത്തിന്റെ കടം 94,000 കോടി
ഹിമാചല്‍ സര്‍ക്കാരിന്റെ നിലവിലുള്ള കടം 94,000 കോടി രൂപയാണ്. മുന്‍സര്‍ക്കാരുകളുടെ കാലത്തുണ്ടായ സാമ്പത്തിക ബാധ്യതക്കൊപ്പം ജനങ്ങള്‍ക്കുള്ള സൗജന്യപദ്ധതികള്‍ കൂടിയായതോടെയാണ് സംസ്ഥാനത്ത് കടം പെരുകിയത്. കൂടുതല്‍ വായ്പകള്‍ എടുത്തതോടെ സാമ്പത്തിക ഭദ്രത തകര്‍ന്ന നിലയിലാണ്. പെട്ടെന്നുണ്ടായ 10,000 കോടി രൂപയുടെ ബാധ്യതയാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പഴിചാരി രാഷ്ട്രീയ പാര്‍ട്ടികള്‍
നിലവിലുള്ള പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പു കേടാണെന്നാണ് ബി.ജെ.പി കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥയാണുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് ശമ്പളം, പെന്‍ഷന്‍, ചികില്‍സാസഹായം തുടങ്ങിയവ കൃത്യസമയത്ത് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവനക്കാരുടം പെന്‍ഷന്‍കാരും കാത്തിരിക്കുകയാണെന്ന് ജയറാം താക്കൂര്‍ പറഞ്ഞു. അതേസമയം, മുന്‍ സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക ഇടപെടലുകളാണ് സ്ഥിതി മോശമാക്കിയതെന്നാണ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു കുറ്റപ്പെടുത്തുന്നത്.