കോളടിച്ച് കര്‍ണാടകത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍; വിപണിക്കും പ്രതീക്ഷ

സമരത്തിന് മുമ്പെ ശമ്പള വര്‍ധന
Salary  
Salary  
Published on

കൂട്ടിയും കിഴിച്ചും കാത്തിരുന്ന കര്‍ണാടകയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു. ശമ്പളത്തില്‍ ഒറ്റയടിക്കുണ്ടാകുന്നത് ആയിരങ്ങളുടെ വര്‍ധനവാണ്. കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധന പ്രകാരം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 27.5 ശതമാനം വര്‍ധനവാണ് വരാന്‍ പോകുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. കുറഞ്ഞ ശമ്പളത്തില്‍ പതിനായിരം രൂപയാണ് കൂടുന്നത്. ഓഗസ്റ്റ് ഒന്നുമുതല്‍ ശമ്പള വര്‍ധന നിലവില്‍ വരും. കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി കെ.സുധാകര്‍ റാവു ചെയര്‍മാനായ ശമ്പള കമ്മീഷനാണ് വര്‍ധനവിന് ശുപാര്‍ശ ചെയ്തിരുന്നത്. 12 ലക്ഷം ജീവനക്കാര്‍ക്ക് പുതിയ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും.

കുറഞ്ഞ ശമ്പളം 27,000

അടുത്ത മാസം മുതല്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 27,000 രൂപയാകും. നിലവില്‍ ഇത് 17,000 ആയിരുന്നു. വിവിധ തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് 27.5 ശതമാനം വരെ വര്‍ധനവാണ് നടപ്പാക്കുക. സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാകും നടപടി. ശമ്പള പരിഷ്‌കരണത്തിലൂടെ 17,400 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കണക്കാക്കുന്നത്. ഇതില്‍ 7.400 കോടി ശമ്പളത്തിനും 3,700 കോടി പെന്‍ഷനുമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാരിന് അത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. പകരം ഇടക്കാലാശ്വമായി 17.5 ശതമാനത്തിന്റെ വര്‍ധന നല്‍കി ജീവനക്കാരുടെ പ്രതിഷേധത്തെ അടക്കി നിര്‍ത്തുകയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബാക്കി പത്തു ശതമാനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. തെരഞ്ഞെടുപ്പിന് ശേഷം ഭരണം മാറിയതോടെ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ ജീവനക്കാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ അനിശ്ചിത കാല സമരം നടത്താനൊരുങ്ങി. അതിനിടെയാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിച്ച് വര്‍ധന നടപ്പാക്കാന്‍ കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചത്.

വ്യാപാര മേഖലയിലും പ്രതിഫലിക്കും

ജീവനക്കാരുടെ കയ്യില്‍ വലിയ തോതില്‍ പണമെത്തുന്ന ശമ്പളവര്‍ധന തീരുമാനം വിപണിക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീട്ടെയ്ല്‍,റിയല്‍ എസ്റ്റേറ്റ്,ബാങ്കിംഗ് മേഖലകള്‍ ഇതിന്റെ ഗുണഫലം പ്രതീക്ഷിക്കുന്നുണ്ട്. മ്യൂച്ച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങളാണ് ശമ്പള വര്‍ധനവിന്റെ ഗുണം ലഭിക്കാന്‍ സാധ്യതയുള്ള മറ്റൊരു മേഖല.

അതേസമയം, അടുത്തിടെ കര്‍ണാടകയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വഴി വില വര്‍ധിച്ചത് സാധാരക്കാരുടെ ചെലവുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ശമ്പള വര്‍ധന കൂടി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വിലകൂട്ടിയത്. സംസ്ഥാനത്തെ പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com