സംരംഭക മഹാ സംഗമം ജനുവരി 21ന് കൊച്ചിയില്‍

സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭക മഹാ സംഗമം ജനുവരി 21ന് കൊച്ചിയില്‍ സംഘടിപ്പിക്കും. സംരംഭക സംഗമത്തില്‍ കേരളത്തില്‍ സംരംഭങ്ങളാരംഭിച്ചവരാണ് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ ഒത്തുചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും.

സംരംഭകര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവരുടെ പദ്ധതികള്‍ക്ക് സഹായം ലഭ്യമാക്കാനും സംഗമം സഹായിക്കും. ഇത്തരം പദ്ധതികളിലൂടെ കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒന്നായി സംരംഭക മഹാ സംഗമം മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങളെന്നതായിരുന്നു സംരംഭക വര്‍ഷം പദ്ധതിയുടെ ലക്ഷ്യം. 8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാരംഭിച്ച് ഈ പദ്ധതി ദേശീയ അംഗീകാരം നേടിയിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

Related Articles
Next Story
Videos
Share it