

വിപണിയിലെ നിര്‍മിത ബുദ്ധി ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വെല്ലുവിളിയെ നേരിടാന്‍ ഡൂ ഓര്‍ ഡൈ ചിന്താഗതിയിലേക്ക് മാറാന്‍ സാംസംഗ് ഇലക്ട്രോണിക്‌സ്. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് കമ്പനി ചെയര്‍മാന്‍ ലീ ജേ യോംഗ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയ്ക്ക് ആവശ്യമായ ഹൈ ബാന്‍ഡ്‌വിഡ്ത്ത് മെമ്മറി ചിപ്പുകള്‍ കൃത്യസമയത്ത് വിതരണം ചെയ്യാന്‍ സൗത്ത് കൊറിയന്‍ കമ്പനിയായ സാംസംഗിന് കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്. എ.ഐ ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകള്‍ (ജി.പി.യു) നിര്‍മിക്കുന്നതിനാണ് ഹൈ ബാന്‍ഡ്‌വിഡ്ത്ത് മെമ്മറി (HBM) ചിപ്പുകള്‍ ഉപയോഗിക്കുന്നത്. സാംസംഗിന്റെ പ്രതിസന്ധി കനത്തതോടെ മറ്റൊരു സൗത്ത് കൊറിയന്‍ കമ്പനിയായ എസ്.കെ ഹൈനിക്‌സാണ് നിലവില്‍ എന്‍വിഡിയക്ക് ചിപ്പുകള്‍ നല്‍കുന്നത്.
സെമി കണ്ടക്ടര്‍ നിര്‍മാണ മേഖലയിലെ ആദ്യ കമ്പനികളിലൊന്നായ സാംസംഗ് ഇലക്ട്രോണിക്‌സ് കഴിഞ്ഞ കുറച്ച് കാലമായി പ്രതിസന്ധിയിലാണ്. ചിപ്പ് വ്യവസായം നിര്‍മിത ബുദ്ധിയിലേക്ക് ചുവടുമാറിയതാണ് സാംസംഗിന് വിനയായത്. എ.ഐ ഗവേഷണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായ ഹൈ ബാന്‍ഡ്‌വിഡ്ത്ത് ചിപ്പുകളുടെ നിര്‍മാണം കുറഞ്ഞതാണ് പ്രതിസന്ധിയുടെ മൂല കാരണം.
1974ല്‍ സെമി കണ്ടക്ടര്‍ വ്യവസായത്തിലേക്ക് തിരിഞ്ഞ സാംസംഗ് ഇലക്ട്രോണിക്‌സ് 1983ലാണ് കമ്പനിയുടെ 64 കെ.ബി ശേഷിയുള്ള ആദ്യ ഡി-റാം (DRAM) വികസിപ്പിക്കുന്നത്. പിന്നീട് പതിറ്റാണ്ടുകളോളം സെമി കണ്ടക്ടര്‍ വ്യവസായത്തില്‍ സാംസംഗ് ഇലക്ട്രോണിക്‌സ് മുടിചൂടാ മന്നന്മാരായി വാണു. എന്നാല്‍ നിര്‍മിത ബുദ്ധിയുടെ കാലം വന്നതോടെ പരമ്പരാഗത ഡി-റാമിന് ഡിമാന്‍ഡ് കുറയുകയും എച്ച്.ബി.എമ്മുകള്‍ കൂടുതലായി ആവശ്യം വരികയും ചെയ്തു. ട്രെന്‍ഡ് മനസിലാക്കി ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങളും നിക്ഷേപവും നടത്താന്‍ കഴിയാതെ വന്നതോടെ എതിരാളികള്‍ സ്ഥാനം കയ്യടക്കി.
കഴിഞ്ഞ ആഴ്ച പുറത്തുവന്ന കമ്പനിയുടെ പാദഫല റിപ്പോര്‍ട്ടും പ്രതിസന്ധിയുടെ ആഴം എത്രയാണെന്ന് അടിവരയിടുന്നതാണ്. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിലും തീരെകുറവായിരുന്നു സാംസംഗ് ഇലക്ട്രോണിക്‌സിന്റെ പ്രകടനം. ഇതിനിടയില്‍ ചാംഗ്ക്‌സിന്‍ മെമ്മറി ടെക്‌നോളജീസ് (CXMT) പോലുള്ള ചൈനീസ് കമ്പനികളുടെ കടന്നുവരവും സാംസംഗിന് തിരിച്ചടിയായി. ഇക്കാലയളവില്‍ സാംസംഗിന്റെ പ്രധാന എതിരാളിയായ എസ്.കെ ഹൈനിക്‌സ് എ.ഐ മേഖലയില്‍ വലിയ നിക്ഷേപം നടത്തുകയും പതിയെ എന്‍വിഡിയ അടക്കമുള്ള കമ്പനികളുടെ പ്രധാന വിതരണക്കാരാവുകയും ചെയ്തു.
എന്നാല്‍ സാംസംഗില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും പ്രതിസന്ധി മറികടക്കാന്‍ അവര്‍ക്ക് ആകുമെന്നാണ് പ്രതീക്ഷയെന്നും എന്‍വിഡിയ തലവന്‍ ജെന്‍സന്‍ ഹുവാംഗ് ജനുവരിയില്‍ പ്രതികരിച്ചിരുന്നു. കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയ തലമുറ എച്ച്.ബി.എമ്മുകളുടെ നിര്‍മാണം ഇതിനോടകം സാംസംഗ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികള്‍ക്ക് 2025ല്‍ ആവശ്യമായി വരുന്ന 4എന്‍.എം ചിപ്പുകളാണ് സാംസംഗ് നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എതിരാളിയായ എസ്.കെ ഹൈനിക്‌സ് എച്ച്.ബി.എം3, എച്ച്.ബി.എം3ഇ മോഡലുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ സാംസംഗ് പുതിയ തലമുറ എച്ച്.ബി.എം4 ചിപ്പുകളിലാണ് ഊന്നല്‍ നല്‍കുന്നതെന്നും ഇത് ഗെയിം ചെയ്ഞ്ചറാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine