

യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉപകരണങ്ങളുടെ നിര്‍മാണം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് കൂടുതലായി മാറ്റാനൊരുങ്ങി ദക്ഷിണകൊറിയന്‍ ഇലക്‌ട്രോണിക്‌സ് വമ്പന്മാരായ സാംസംഗ്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വ്യാപാര ചുങ്ക നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഭാവിയില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള പദ്ധതി കമ്പനി നടപ്പിലാക്കുമെന്നും ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ വോണ്‍ ജൂന്‍ ചോയ് വ്യക്തമാക്കി.
സാംസംഗിന്റെ ഏറ്റവും വലിയ വിപണിയാണ് യു.എസ്. മൊത്തം വരുമാനത്തിന്റെ 39 ശതമാനവും ഇവിടെ നിന്നാണ്. യു.എസ് മാര്‍ക്കറ്റിലുണ്ടാകുന്ന ഏതൊരു ചലനവും സാംസംഗിനെ സംബന്ധിച്ച് നിര്‍ണായകമാണ്.
സാംസംഗിന് ചൈനയെക്കുടാതെ വിയറ്റ്‌നാം, ഇന്ത്യ ഉള്‍പ്പെടെ മറ്റ് പല രാജ്യങ്ങളിലും നിര്‍മാണ പ്ലാന്റുകളുണ്ട്. ട്രംപ് ഭരണകൂടം വിയറ്റ്‌നാമില്‍ നിന്നുള്ള ഇറക്കുമതിക്ക് കഴിഞ്ഞ ദിവസം 20 ശതമാനം വ്യാപാര ചുങ്കം പ്രഖ്യാപിച്ചിരുന്നു. സാംസംഗിനെ സംബന്ധിച്ച് അധികബാധ്യത വരുത്തുന്നതാണ് തീരുമാനം.
റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ ലഭ്യതയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്ന് വോണ്‍ ജൂന്‍ ചോയ് വ്യക്തമാക്കി. വരുംനാളുകളില്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയ്ക്കായി ഏതെങ്കിലുമൊരു രാജ്യത്തെയോ കമ്പനിയെയോ ആശ്രയിക്കാത്ത തരത്തിലുള്ള നയം രൂപീകരിക്കുമെന്ന് വ്യക്തമാക്കി. ചൈനയില്‍ നിന്നുള്ള ഉത്പാദനം കുറയ്ക്കുമെന്ന സൂചനയാണ് അദ്ദേഹം നല്കിയത്.
അടുത്തിടെ മറ്റ് പല കമ്പനികളും ചൈനയ്ക്ക് പകരം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉത്പാദനം മാറ്റുന്നതിന് തുടക്കമിട്ടിരുന്നു. യു.എസിന്റെ ഏറ്റവും വലിയ വ്യാപാര എതിരാളികളായതിനാല്‍ ഏതുനിമിഷവും തിരിച്ചടി കിട്ടുമെന്ന ഭയം കമ്പനികള്‍ക്കുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine