

സ്വകാര്യതാ വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുന്നതിനിടെ കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്ലിക്കേഷനായ സഞ്ചാര്‍ സാഥിയുടെ ഡൗണ്‍ലോഡില്‍ വന്‍ കുതിച്ചുചാട്ടം. ഒരു ദിവസംകൊണ്ട് ശരാശരി ഡൗണ്‍ലോഡിന്റെ പത്തിരട്ടി വര്‍ധനവാണ് ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തിയത്.
സാധാരണയായി പ്രതിദിനം ഏകദേശം 60,000 ഡൗണ്‍ലോഡുകള്‍ നടന്നിരുന്ന സ്ഥാനത്ത് ചൊവ്വാഴ്ച മാത്രം ആറ് ലക്ഷം ഡൗണ്‍ലോഡുകള്‍ നടന്നതായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ കണക്കുകള്‍ കാണിക്കുന്നു. മൊബൈല്‍ ഫോണുകളില്‍ ആപ്പ് നിര്‍ബന്ധമാക്കിയതിനെച്ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികളും സൈബര്‍ വിദഗ്ധരും ആശങ്കകള്‍ ഉയര്‍ത്തുന്നതിനിടെയാണ് ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം.
ഈ വിവാദങ്ങള്‍ തന്നെയാകാം ആപ്പിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധം വര്‍ദ്ധിപ്പിക്കുകയും ഡൗണ്‍ലോഡ് കൂടാന്‍ കാരണമാവുകയും ചെയ്തതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
അതേസമയം ആപ്പ് നിര്‍ബന്ധമല്ലെന്നും ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇത് നീക്കം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയ്ത് ആശങ്കകള്‍ക്ക് അയവ് വരുത്തി.
രാജ്യത്ത് വില്‍ക്കുന്ന എല്ലാ പുതിയ മൊബൈല്‍ ഹാന്‍ഡ്സെറ്റുകളിലും മാര്‍ച്ച് ഒന്നു മുതല്‍ 'സഞ്ചാര്‍ സാഥി' ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നായിരുന്നു ടെലികോം വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ എല്ലാ മൊബൈല്‍ ഫോണുകളിലും ഇത് നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശം സ്വകാര്യതയുടെ ലംഘനമാണെന്നും സര്‍ക്കാരിന് നിരീക്ഷണത്തിനുള്ള മാര്‍ഗ്ഗമാണ് എന്നുമുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വേദികളിലും ചര്‍ച്ചയായി.
സൈബര്‍ തട്ടിപ്പുകള്‍, മൊബൈല്‍ മോഷണങ്ങള്‍, സിം കാര്‍ഡ് ദുരുപയോഗം എന്നിവ തടയുന്നതിനായി ടെലികോം വകുപ്പ് പുറത്തിറക്കിയ പോര്‍ട്ടലാണ് 'സഞ്ചാര്‍ സാഥി'. മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍ രാജ്യത്തെ എല്ലാ നെറ്റ്വര്‍ക്കുകളിലും ഉപയോഗിക്കുന്നത് തടയാന്‍ ഈ ആപ്പ് സഹായിക്കും. നിങ്ങളുടെ പേരില്‍ എത്ര സിം കണക്ഷനുകള്‍ എടുത്തിട്ടുണ്ടെന്ന് പരിശോധിക്കാനും ആവശ്യമില്ലാത്തവ റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും.
സംശയാസ്പദമായ കോളുകള്‍, എസ്.എം.എസ്, വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്. മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ പരിശോധിച്ച് അതിന്റെ ആധികാരികത ഉറപ്പാക്കാനുമാകും.
ഈ ആപ്പ് പുറത്തിറങ്ങിയ ശേഷം ഇതുവരെനഷ്ടപ്പെട്ട 37.28 ലക്ഷം ഫോണുകളുടെ ഉപയോഗം തടയാനും 22.76 ലക്ഷം ഫോണുകള്‍ കണ്ടെത്താനും സാധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.
ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നിര്‍ദ്ദേശം വന്നതോടെ, ഇത് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഉപയോക്താക്കള്‍ അനുവദിക്കുന്ന ഡാറ്റ മാത്രമേ 'സഞ്ചാര്‍ സാഥി' ഉപയോഗിക്കുന്നുള്ളൂ എന്ന് ടെലികോം വകുപ്പ് വൃത്തങ്ങള്‍ ഉറപ്പിച്ചു പറയുന്നു. മൈക്രോഫോണ്‍, ലൊക്കേഷന്‍, ബ്ലൂടൂത്ത് തുടങ്ങിയ ഡാറ്റകളിലേക്ക് ആപ്പിന് പ്രവേശനമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍, ഏകദേശം 1.5 കോടിയിലധികം ആളുകള്‍ ഇതിനോടകം ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine