ഒരു പരസ്യത്തിന് 25 ലക്ഷം രൂപ വരെ, ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ കമ്പനികളുടെ മല്‍സരം; സഞ്ജുവിന്റെ ബ്രാന്‍ഡ് വാല്യു കുതിച്ചുയരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിര്‍ണായക സാന്നിധ്യമായി മാറിയതോടെ മലയാളിതാരം സഞ്ജു സാംസണിന്റെ ബ്രാന്‍ഡ് വാല്യു ഉയരുന്നു. വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ സഞ്ജുവിനെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ രംഗത്തുണ്ട്. സ്‌പോര്‍ട്‌സ് ഉത്പന്ന നിര്‍മാതാക്കളായ കുക്കാബുറ, ഭാരത്‌പേ, മൈഫാബ്11, ജയിന്‍ ട്യൂബ്‌സ്, ഗില്ലെറ്റ്, മലപ്പുറം എഫ്‌സി ഫുട്‌ബോള്‍ ക്ലബ്, ഹീല്‍ തുടങ്ങി നിരവധി കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറാണ് താരം. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ 25 ലക്ഷം രൂപയാണ് സഞ്ജു വാങ്ങിയിരുന്നത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ തിളങ്ങിയതോടെ ഈ തുക ഇനി ഉയരും.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ കഴിഞ്ഞാല്‍ രാജ്യാന്തര തലത്തില്‍ വലിയ ഫാന്‍ബേസുള്ള ഇന്ത്യന്‍ ക്രിക്കറ്ററാണ് സഞ്ജു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായത് സഞ്ജുവെന്ന ബ്രാന്‍ഡിനെ സൃഷ്ടിക്കാന്‍ കാരണമായി.

വരുമാനം കൂടുതല്‍ ഐ.പി.എല്ലില്‍ നിന്ന്

ക്രിക്കറ്ററെന്ന നിലയില്‍ സഞ്ജുവിന് കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഐ.പി.എല്ലില്‍ കളിക്കുമ്പോഴാണ്. 2013ല്‍ കേവലം എട്ടു ലക്ഷം രൂപയ്ക്കാണ് താരം രാജസ്ഥാന്‍ റോയല്‍സുമായി കരാറിലെത്തുന്നത്. കഴിഞ്ഞ ദിവസം സഞ്ജുവിന്റെ കരാര്‍ രാജസ്ഥാന്‍ പുതുക്കിയത് 18 കോടി രൂപയ്ക്കാണ്. ബി.സി.സി.ഐയുടെ സി ഗ്രേഡ് താരമെന്ന നിലയില്‍ വര്‍ഷം ഒരു കോടി രൂപ സഞ്ജുവിന് ലഭിക്കും.
ഇന്ത്യന്‍ ടീമില്‍ കളിച്ചാലും ഇല്ലെങ്കിലും ഈ പ്രതിഫലം ബോര്‍ഡില്‍ നിന്ന് ലഭിക്കും. ഇതു കൂടാതെ ഓരോ മല്‍സരത്തിനും ലക്ഷക്കണക്കിന് രൂപ മാച്ച് ഫീയായും അക്കൗണ്ടിലെത്തും. കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും താരത്തിന് വാര്‍ഷിക പ്രതിഫലമുണ്ട്. റിയല്‍ എസ്റ്റേറ്റിലും ബിസിനസിലും താരം നിക്ഷേപം നടത്തിയിട്ടുണ്ട്.
Related Articles
Next Story
Videos
Share it