

ടെക് മേഖലയില്‍ നിന്നുള്ള തൊഴില്‍ നഷ്ട വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. നിര്‍മിത ബുദ്ധി (എഐ) കേന്ദ്രീകരിച്ച് ബിസിനസ് ഉടച്ചുവാര്‍ക്കാനൊരുങ്ങുന്ന ജര്‍മന്‍ സോഫ്റ്റ്വെയര്‍ ഭീമനായ എസ്എപിയുടെ (SAP) നീക്കങ്ങളാണ് ഇപ്പോഴത്തെ ആശങ്കകള്‍ക്ക് അടിസ്ഥാനം.
നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന എസ്എപി കുറഞ്ഞത് 10,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. എസ്എപിയുടെ ആഗോള ജീവനക്കാരില്‍ ഒമ്പത് ശതമാനത്തെയെങ്കിലും ഈ നീക്കം ബാധിച്ചേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകമെമ്പാടുമായി 1.10 ലക്ഷത്തിലധികം ജീവനക്കാരാണ് കമ്പനിക്കുള്ളത്.
എത്ര പേരെ പിരിച്ചുവിടുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ഈ എണ്ണത്തില്‍ മാറ്റം വന്നേക്കും.
എസ്എപിക്ക് ജര്‍മനി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ 18,000ത്തിലധികം ജീവനക്കാരുണ്ട്. ബെംഗളൂരു, ഡല്‍ഹി, മുംബൈ, പൂനെ, ഹൈദരാബാദ്, ഗുരുഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്. ജര്‍മനിക്ക് പുറത്തുള്ള എസ്എപിയുടെ ഏറ്റവും വലിയ ഗവേഷണ, വികസന കേന്ദ്രവും ഇന്ത്യയിലാണ്.
കേരളത്തില്‍ കമ്പനിക്ക് നേരിട്ട് ഓഫീസുകളില്ലെങ്കിലും എസ്എപി സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി മലയാളികള്‍ ഇന്ത്യയിലും വിദേശത്തുമായി എസ്എപിയില്‍ ജോലി ചെയ്യുന്നുണ്ട്.
ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ക്രിസ്റ്റ്യന്‍ ക്ലീനിന്റെ നേതൃത്വത്തില്‍ എഐക്ക് മുന്‍ഗണന നല്‍കുന്ന ബിസിനസ് തന്ത്രമാണ് കമ്പനി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം രണ്ടു തവണ എക്സിക്യുട്ടീവ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചിരുന്നു. സോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങളുടെ വികസനം മുതല്‍ വില്‍പ്പന വരെയുള്ള പ്രവര്‍ത്തനങ്ങളിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് നീക്കം.
2024ലും സമാനമായ രീതിയില്‍ എസ്എപി വന്‍തോതിലുള്ള പുനഃസംഘടന നടപ്പാക്കിയിരുന്നു. അന്ന് ഏകദേശം 10,000 തസ്തികകളെയാണ് ഇത് ബാധിച്ചത്. സ്വമേധയാ വിരമിക്കല്‍, ജീവനക്കാര്‍ക്ക് പുതിയ സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കല്‍ തുടങ്ങിയ മാര്‍ഗങ്ങളാണ് അന്ന് പ്രധാനമായും സ്വീകരിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine