വില പിടിച്ചുകെട്ടാന്‍ വരുന്നൂ, തമിഴ് മത്തി; രണ്ടാഴ്ചയ്ക്കുള്ളില്‍ വില പകുതിയാകുമെന്ന് പ്രതീക്ഷ

2012ല്‍ 4 ലക്ഷം ടണ്‍ മത്തി ലഭിച്ചിരുന്നു. എന്നാല്‍ 2022ലെത്തിയപ്പോള്‍ അത് വെറും 1.10 ടണ്ണായി കുറഞ്ഞു
Image: Canva
Image: Canva
Published on

മലയാളിയുടെ തീന്‍മേശയില്‍ നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്തപ്പെട്ട മത്തി വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുന്നു. കേരളാതീരത്ത് ട്രോളിംഗ് നിരോധനം നിലനില്‍ക്കുമ്പോഴും തമിഴ്‌നാട്ടില്‍ നിന്നുള്ള മത്തിയുടെ വരവ് കൂടുന്നതാണ് വിലക്കുറവിലേക്ക് നയിക്കുക. തമിഴ്‌നാട്ടില്‍ ട്രോളിംഗ് നിരോധനം ജൂണ്‍ 15ന് അവസാനിച്ചിരുന്നു. അവിടെ നിന്നുള്ള മത്തി കൂടുതലായി എത്തി തുടങ്ങിയതോടെ 360-380 രൂപയിലേക്ക് വില കുറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വില 250 രൂപ നിരക്കിലെത്തുമെന്നാണ് കച്ചവടക്കാരും പറയുന്നത്.

വിലവര്‍ധനയ്ക്ക് കാരണം

കടലില്‍ ചൂടു കൂടിയതിനാല്‍ ഇത്തവണ മീന്‍ ലഭ്യത കുറവായിരുന്നു. ഇതിനൊപ്പം ട്രോളിംഗ് നിരോധനം കൂടി വന്നതോടെ വള്ളങ്ങള്‍ വെറുംകൈയോടെ തിരിച്ചുവരേണ്ടി വന്നു. ഏപ്രിലില്‍ തമിഴ്‌നാട്ടില്‍ ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ അവിടെ നിന്നുള്ള വരവും നാമമാത്രമായി. മത്തി വില റെക്കോഡിലേക്ക് പോകാന്‍ കാരണങ്ങള്‍ ഇതൊക്കെയായിരുന്നു.

കടലിലെ താപനില കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്നത് മത്തിയെയാണ്. 26-27 ഡിഗ്രി സെല്‍ഷ്യസ് ചൂട് മാത്രമേ മത്തിക്ക് അതിജീവിക്കാന്‍ സാധിക്കൂ. ഇത്തവണ 30-32 ഡിഗ്രി വരെ കടലിലെ ചൂട് ഉയര്‍ന്നത് മത്തി ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ക്ക് ദോഷം ചെയ്തു.

ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങള്‍ കേരളാതീരത്ത് മത്തി ലഭ്യത സാധാരണ കുറവാണ്. ഇത്തവണ പക്ഷേ പതിവില്‍ നിന്ന് വ്യത്യസ്തമായി ലഭ്യതയില്‍ വലിയ കുറവു വന്നു. കടല്‍ ചൂടുപിടിക്കുന്ന എല്‍നീനോ പ്രതിഭാസമായിരുന്നു കാരണം. മത്തി ലഭ്യത കുറഞ്ഞിട്ടും കേരളത്തില്‍ വില കൂടാതിരുന്നതിന് കാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കൂടിയതു കൊണ്ടാണെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ധനംഓണ്‍ലൈനോട് പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്ന് വരും

മലയാളികളെ പോലെയല്ല തമിഴര്‍. അവര്‍ക്ക് മത്തിയോട് അത്ര മമതയില്ല. കേരളത്തിലേക്ക് കയറ്റി അയയ്ക്കാനും മീന്‍തീറ്റ നിര്‍മിക്കാനുമാണ് അവര്‍ മത്തി ഉപയോഗിക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ്. ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 15 വരെയാണ് അവിടെ ട്രോളിംഗ് നിരോധനം. കടലൂര്‍, നാഗപട്ടണം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനം പുനരാരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ 400 രൂപ കടന്ന വില ഇപ്പോള്‍ 360-380 നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇനിയും വില താഴുമെന്ന് വ്യാപാരികളും പറയുന്നു.

ആശങ്കയായി കേരളാതീരം

സംസ്ഥാനത്ത് ഓരോ വര്‍ഷം കഴിയുന്തോറും മത്സ്യലഭ്യത കുറയുകയാണ്. പ്രത്യേകിച്ച് മത്തി ഉള്‍പ്പെടെയുള്ള ചില ഇനങ്ങള്‍. 2012ല്‍ 4 ലക്ഷം ടണ്‍ മത്തി ലഭിച്ചിരുന്നു. 2022ലെത്തിയപ്പോള്‍ അത് വെറും 1.10 ടണ്ണായി കുറഞ്ഞു. പുറത്തു നിന്നുള്ള മത്തിയുടെ വരവ് കൂടിയതിനാല്‍ ക്രമാനുഗതമായ ഈ കുറവ് പുറമേ ദൃശ്യമായിരുന്നില്ലെന്ന് മാത്രം.

കേരളാതീരത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന മത്തിയുടെ വലുപ്പവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ചൂടു കൂടിയതിനാല്‍ മത്തി കൂട്ടമായി ആഴക്കടലിലേക്ക് പോയി. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ അഭാവം മൂലം മത്തിയുടെ വളര്‍ച്ച മുരടിച്ചു പോയതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ചെറിയ മത്തി കൂടുതലും തമിഴ്‌നാട്ടിലേക്ക് മീന്‍തീറ്റ നിര്‍മിക്കാനാണ് കയറ്റിവിടുന്നത്.

സംസ്ഥാനത്ത് ചെറുതും വലുതുമായ 34,000ത്തോളം മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളുമുണ്ട്. ഒരു ലക്ഷത്തോളം തൊഴിലാളികള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നുണ്ട്. വറുതിയുടെ പിടിയിലേക്ക് പോയതോടെ പലരും ഇപ്പോള്‍ കടലില്‍ പോകുന്നില്ല. വള്ളവും വലയുമൊക്കെ വാങ്ങാന്‍ എടുത്ത പണത്തിന്റെ പലിശ പോലും കൊടുക്കാനുള്ള വരുമാനം കടലില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മീന്‍ ലഭ്യതയിലെ കുറവ് കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ നിലനില്‍പ്പ് പോലും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com