നദെല്ലയും അദാനിയും കണ്ടുമുട്ടി, വലിയ പ്രൊജക്ടുകളില്‍ കൈകോര്‍ക്കുമോ?
ഇന്ത്യയില്‍ 1.5 ലക്ഷം കോടി രൂപ നിക്ഷേപം നടത്തുമെന്ന് ടെക് വമ്പന്മാരായ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സത്യ നദെല്ലയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരം പുറത്തുവിട്ട് ഗൗതം അദാനി. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മൈക്രോസോഫ്റ്റ് സിഇഒയുമായുള്ള കൂടിക്കാഴ്ചയുടെ വിവരം അദാനി വെളിപ്പെടുത്തിയത്.
മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപത്തില്‍ അദാനി ഗ്രൂപ്പ് പങ്കാളികളായേക്കുമെന്ന സൂചനയാണ് ഗൗതം അദാനിയുടെ പോസ്റ്റിലുള്ളതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഗൂഗ്‌ളും അടുത്തിടെ ഇന്ത്യയില്‍ 1.13 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആഗോള ടെക് വമ്പന്മാരുടെ ഇന്ത്യയിലേക്കുള്ള വരവിലൂടെ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് വിലയിരുത്തുന്നു.
ഇന്ത്യന്‍ ടെക് മേഖലയ്ക്ക് നേട്ടം
ആഗോള ടെക് കമ്പനികള്‍ ഇന്ത്യയില്‍ വലിയ സാധ്യതകള്‍ കാണുന്നുവെന്നതിന്റെ സൂചനയാണ് ഗൂഗ്‌ളിന്റെയും മൈക്രോസോഫ്റ്റിന്റെയും വരവിലൂടെ വ്യക്തമാകുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന ജനസംഖ്യയും ടെക് അധിഷ്ഠിത ബിസിനസുകളുടെ വളര്‍ച്ചയും രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപമെത്താന്‍ സഹായിക്കുന്നുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എഐ) അടക്കം നിക്ഷേപം നടത്തുമെന്ന് അടുത്തിടെ ഗൗതം അദാനി വെളിപ്പെടുത്തിയിരുന്നു. മൈക്രോസോഫ്റ്റിന്റെ നിക്ഷേപം 2026ല്‍ ആരംഭിക്കും. രാജ്യത്തെ ക്ലൗഡ്, എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ വികസിപ്പിക്കുക, ജീവനക്കാര്‍ക്ക് ഉയര്‍ന്ന പരിശീലനം നല്‍കുക എന്നിവയാണ് ഈ നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനപ്പെട്ട മൂന്ന് എഐ നിക്ഷേപങ്ങളാണ് ഇന്ത്യയില്‍ പ്രഖ്യാപിക്കപ്പെട്ടത്. ഗൂഗ്ള്‍, മൈക്രോസോഫ്റ്റ് എന്നിവരുടെ കൂടാതെ യുഎസ് കമ്പനിയായ ബ്രൂക്ക്ഫീല്‍ഡും റിലയന്‍സ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Adani meets Satya Nadella amid Microsoft's ₹1.5 lakh crore investment plan, signaling tech collaboration in India
Read DhanamOnline in English
Subscribe to Dhanam Magazine

