10,000 കോടി ഡോളറിന്റെ നിക്ഷേപം; സൗദി വിദേശകാര്യമന്ത്രി ഇന്ത്യയില്‍, സഹകരണത്തിന് പുതിയ കാല്‍വെപ്പ്

ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ സൗദി നിക്ഷേപ പദ്ധതികള്‍ക്ക് വ്യക്തത വരുത്തുന്നതടക്കമുള്ള ചര്‍ച്ചകള്‍ക്കായി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഡല്‍ഹിയിലെത്തി. ഇന്ത്യ-സൗദി സഹകരണ കമ്മിറ്റിയുടെ യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും സൗദി വിദേശകാര്യമന്ത്രിയും സംയുക്തമായി അധ്യക്ഷത വഹിച്ചു. തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയും സൗദി അറേബ്യയും ചേര്‍ന്ന് രൂപീകരിച്ച കൗണ്‍സിലിന്റെ തുടര്‍ യോഗങ്ങളുടെ ഭാഗമായാണ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലായി 50 കരാറുകളാണ് അന്ന് ഒപ്പിട്ടത്.

10,000 കോടി ഡോളറിന്റെ നിക്ഷേപം

ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ തയ്യാറാണെന്ന് കഴിഞ്ഞ വര്‍ഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ സൗദി കിരീടാവകാശി അറിയിച്ചിരുന്നു. ഇതിനായി ഒരു സംയുക്ത കര്‍മ്മ സമിതിക്ക് രൂപം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഏതെല്ലാം മേഖലകളിലാണ് ഈ നിക്ഷേപം നടത്തേണ്ടത് എന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും വിവിധ വകുപ്പുകള്‍ തമ്മില്‍ ആശയവിനിമയം നടന്നു വരുന്നുണ്ട്. വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയും ഇതിന്റെ ഭാഗമാണ്.

സൗദിയുടെ വാണിജ്യ പങ്കാളി

സൗദി അറേബ്യയുടെ ആറാമത്തെ വലിയ വാണിജ്യ പങ്കാളിയാണ് ഇന്ത്യയെന്ന് സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. 26 ലക്ഷം ഇന്ത്യക്കാര്‍ സൗദിയിലുണ്ട്. ലോകത്ത് ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് സൗദി അറേബ്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4,300 കോടി ഡോളറായിരുന്നു. ഇന്ത്യയും സൗദി അറേബ്യയും വികസന രംഗത്ത് ഒരേ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയും ഇന്ത്യയുടെ വികസിത് ഭാരത് 2047 പദ്ധതിയും സമാനതകളേറെ ഉള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles
Next Story
Videos
Share it