നയാര എനര്‍ജിക്ക് 'ചെക്ക്' വച്ച് സൗദിയും ഇറാഖും; ഇന്ത്യന്‍ എണ്ണക്കമ്പനിയെ പൂട്ടുമോ യൂറോപ്യന്‍ യൂണിയന്‍?

nayara petrol pump
Published on

സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആരാംകോയും ഇറാഖിന്റെ ദേശീയ ഓയില്‍ കമ്പനിയായ സോമോയും (SOMO) ഇന്ത്യന്‍ കമ്പനിയായ നയാര എനര്‍ജിക്കുള്ള എണ്ണവില്പന നിര്‍ത്തിവച്ചു. റഷ്യന്‍ സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനിയാണ് നയാര. ഈ കമ്പനിക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

സൗദിയും ഇറാഖും പിന്‍വാങ്ങിയതോടെ റഷ്യന്‍ എണ്ണയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലാണ് നയാര. രാജ്യത്തുടനീളമായി നിരവധി പെട്രോള്‍ പമ്പുകള്‍ നയാരയ്ക്ക് സ്വന്തമായുണ്ട്.

സൗദിയില്‍ നിന്ന് പ്രതിമാസം 2 മില്യണ്‍ ബാരല്‍ ക്രൂഡ്ഓയില്‍ നയാരയ്ക്ക് ലഭിക്കുന്നുണ്ട്. ഇറാഖില്‍ നിന്ന് ഒരു മില്യണ്‍ ബാരലാണ് വാങ്ങുന്നത്. എന്നാല്‍ ഓഗസ്റ്റില്‍ ഈ രാജ്യങ്ങളില്‍ നിന്ന് കാര്യമായ സംഭാവന നയാരയ്ക്ക് ലഭിച്ചില്ല.

നയാരയില്‍ നിന്ന് കൃത്യമായി പേയ്‌മെന്റ് ലഭിക്കാത്തതാണ് ഇറാഖി കമ്പനി എണ്ണവിതരണം നിര്‍ത്താന്‍ കാരണമെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജൂലൈ 29നാണ് സോമോ അവസാനമായി നയാരയ്ക്ക് ക്രൂഡ് എത്തിച്ചു നല്കിയത്. ഗുജറാത്തിലെ വാഡിനാര്‍ തുറമുഖത്തായിരുന്നു ഇത്.

രാജ്യത്തെ റിഫൈനറി കപ്പാസിറ്റിയുടെ 8 ശതമാനം നയാര എനര്‍ജിക്ക് സ്വന്തമാണ്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധത്തിന് പിന്നാലെ കമ്പനി പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

ക്രൂഡ് വില ഉയരുന്നു

റഷ്യന്‍ എണ്ണയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം വന്നതോടെ രാജ്യാന്തര ക്രൂഡ്ഓയില്‍ വില ഉയര്‍ന്നു തുടങ്ങി. ഈയാഴ്ച്ച എണ്ണവിലയില്‍ രണ്ട് ശതമാനത്തിനടുത്ത് വര്‍ധനയുണ്ടായി. ആഗോള തലത്തില്‍ എണ്ണ ഉപയോഗം കൂടുന്നതും വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില 69 ഡോളറിന് മുകളിലാണ്. യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡിന്റെ വില 72 ഡോളറിന് മുകളിലാണ്.

Nayara Energy faces supply crisis as Saudi Arabia and Iraq halt crude sales amid EU sanctions

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com