സൗദിയില്‍ വരുന്നു, കാറുകളും സ്ട്രീറ്റുകളും ഇല്ലാത്ത ഇക്കോ സിറ്റി; അറിയാം

500 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന 'നിയോം' പദ്ധതി ഒരു സയന്‍സ് ഫിക്ഷന്‍ ബ്ലോക്ക്ബസ്റ്ററിന്റെ മാതൃകയിലാണ് വിഭാവനം ചെയുന്നത്.
സൗദിയില്‍ വരുന്നു, കാറുകളും സ്ട്രീറ്റുകളും ഇല്ലാത്ത ഇക്കോ സിറ്റി; അറിയാം
Published on

സൗദി അറേബ്യയില്‍ കാറുകളും, സ്ട്രീറ്റുകളും ഒന്നുമില്ലാത്ത പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ഇക്കോ സിറ്റി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ച് ലോകത്തെ മുന്‍നിര ക്രൂഡ് കയറ്റുമതിക്കാരായ സൗദി അറേബ്യ ഭാവിയിലെ മെഗാ വികസനം തന്നെയാണ് പദ്ധതിയിട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി 'സീറോ കാറുകള്‍, സീറോ സ്ട്രീറ്റുകള്‍, സീറോ കാര്‍ബണ്‍ പുറം തള്ളല്‍' എന്നിവയുള്ള ഒരു ഇക്കോ സിറ്റി ആരംഭിക്കുകയാണ് തീരുമാനം.

രാജ്യത്തിന്റെ മനോഹരമായ റെഡ് സീ തീരത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന 500 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന 'നിയോം' പദ്ധതി ഒരു സയന്‍സ് ഫിക്ഷന്‍ ബ്ലോക്ക്ബസ്റ്ററിന്റെ മാതൃകയിലാണ് വിഭാവനം ചെയുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നഗരത്തിനായുള്ള 'ദി ലൈന്‍' പദ്ധതി ഞായറാഴ്ച്ച സൗദിയില്‍ പ്രക്ഷേപണം ചെയ്ത ടിവി പരിപാടിയിലൂടെ അവതരിപ്പിച്ചു.

170 കിലോമീറ്റര്‍ നീളമുള്ള ഒരു മില്യണ്‍ നിവാസികളുള്ള ഒരു നഗരം ഇതില്‍ ഉള്‍പ്പെടുന്നു. 95 ശതമാനം പ്രകൃതിയോടിണങ്ങിയ ഇഠമാകുമിത്. ഇവിടെ കാറുകളും തെരുവുകളും, കാര്‍ബണ്‍ പുറം തള്ളലുമില്ല എന്നത് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ''ഒരു പരമ്പരാഗത നഗരമെന്ന സങ്കല്പത്തെ ഭാവിയിലെ ഒന്നാക്കി നമ്മള്‍ക്ക് മാറ്റേണ്ടതുണ്ട്,'' മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

കംപ്യൂട്ടര്‍ സഹായത്താല്‍ നിര്‍മ്മിച്ച 'ദി ലൈനിന്റെ' ചിത്രങ്ങളും അതിമനോഹരമായ മരുഭൂമികളുടെയും നീലക്കടലുകളുടെയും പ്രകൃതി ദൃശ്യങ്ങള്‍ ടിവിയിലൂടെ അവതരിപ്പിച്ചു.

ഈ സിറ്റിയില്‍ സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഹരിത ഇടങ്ങള്‍, അതിവേഗ പൊതുഗതാഗതം എന്നിവയും ഉണ്ടായിരിക്കും. ഒരു യാത്രയും 20 മിനിറ്റില്‍ കൂടുതല്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പദ്ധതിയില്‍ വിശദമാക്കുന്നു. നഗരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പ്രധാന പങ്ക് വഹിക്കും.

100 ശതമാനം ശുദ്ധമായ ഊര്‍ജ്ജമായിരിക്കും ലഭ്യമാകുക. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ മലിനീകരണ രഹിതവും ആരോഗ്യകരവും കൂടുതല്‍ സുസ്ഥിരവുമായ അന്തരീക്ഷം താമസക്കാര്‍ക്ക് ലഭിക്കും. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവുമധികം മലിനീകരണമുള്ള രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ഈ പേരു തന്നെയായിരിക്കും പുതിയ പദ്ധതികള്‍ മാറ്റിമറിക്കാനൊരുങ്ങുന്നത്.

പൊതു നിക്ഷേപ ഫണ്ടില്‍ നിന്നുള്ള ധനസഹായത്തോടെ ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ നഗരത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനാണ് പദ്ധതി. 2030 ഓടെ രാജ്യത്തിന്റെ ജിഡിപിയില്‍ 380,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 180 ബില്യണ്‍ റിയാല്‍ (48 ബില്യണ്‍ ഡോളര്‍) സംഭാവന ചെയ്യാനും വിഭാവനം ചെയ്യുന്നതുമാണ് ഈ പദ്ധതി എന്നും റിപ്പോര്‍ട്ടുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com