
ഫുട്ബാളിന്റെ കമ്പക്കാരായ സൗദി അറേബ്യ ക്രിക്കറ്റില്‍ ചുവടുവെപ്പിന് ശ്രമം. പണം മറിയുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മാതൃകയില്‍ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്.
സ്വകാര്യ സ്‌പോര്‍ട്‌സ് കമ്പനി മുന്‍കയ്യെടുത്ത് നടത്തുന്ന ടൂര്‍ണമെന്റിന് അംഗീകാരത്തിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിച്ചിരിക്കുകയാണ്.
പ്രമുഖ ക്രിക്കറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ലീഗിന് 50 കോടി ഡോളര്‍ (4,350 കോടി രൂപ) മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും ഉള്‍പ്പെടെയുള്ള ടീമുകള്‍ പങ്കെടുക്കുമെന്നാണ് ആദ്യസൂചനകള്‍.
എട്ടു ടീമുകളാണ് ആദ്യ സീസണില്‍ ഉണ്ടാവുക. സൗദിയിലെ വിവിധ നഗരങ്ങളിലായി മല്‍സരം സംഘടിപ്പിക്കാനാണ് പദ്ധതി. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ലീഗ് മല്‍സരങ്ങള്‍ നടത്തിയ ശേഷം ഫൈനല്‍ റൗണ്ട് സൗദിയില്‍ നടത്തുന്ന രീതിയും ആലോചനയിലുണ്ട്. വനിതാ മല്‍സരങ്ങളുമുണ്ടാകും.
മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററും നിരവധി അന്താരാഷ്ട്ര താരങ്ങളുടെ എജന്റുമായ നീല്‍ മാക്‌സ്‌വെല്‍ ആണ് പുതിയ ആശയത്തിന് പിന്നില്‍. പ്രമുഖ താരങ്ങളായ ബ്രെറ്റ് ലീ, മൈക്കല്‍ ഹസ്സി, ആഡം ഗില്‍ക്രിസ്റ്റ് എന്നിവരുടെ ഏജന്റായിരുന്നു നീല്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ മുന്‍ ബോര്‍ഡ് മെമ്പറുമാണ്.
സൗദി അറേബ്യയിലെ എസ്ആര്‍ജെ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന സ്ഥാപനമാണ് സാമ്പത്തിക പിന്തുണ നല്‍കുന്നത്. ടൂര്‍ണമെന്റിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.
ടൂര്‍ണമെന്റിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനമെടുക്കേണ്ടത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജയ്ഷാ ആയിരിക്കും. അതോടൊപ്പം ഇന്ത്യന്‍ ടീമില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കണമോ എന്ന് ബിസിസിഐയും തീരുമാനിക്കും.
വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് ഇന്ത്യക്ക് പുറത്ത് ട്വന്റി20 ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കണമെങ്കില്‍ ബിസിസിഐയുടെ അനുമതി ആവശ്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine