ഇന്ത്യയെ നേരിടാന്‍ സൗദി പാക് പക്ഷം ചേരുമോ? ആക്രമണമുണ്ടായാല്‍ ഒന്നിച്ചു നിന്ന് നേരിടുമെന്ന് പാക്കിസ്ഥാനും സൗദിയും; ഇരുകൂട്ടരുടെയും പ്രതിരോധ കരാറിലെ ലക്ഷ്യമെന്ത്?

ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 41.88 ബില്യന്‍ ഡോളറിന്റെ (ഏകദേശം 3.69 ലക്ഷം കോടി രൂപ) വ്യാപാരം നടന്നെന്നാണ് കണക്ക്
Group photo of Saudi and Pakistani leaders standing together in formal attire, with a portrait of Saudi King in the background inside a ceremonial hall
facebook / Mian Shehbaz Sharif
Published on

രണ്ടിലൊരു രാജ്യത്തിന് നേരെ പുറത്തുനിന്നുള്ള ആക്രമണമുണ്ടായാല്‍ സംയുക്തമായി നേരിടുമെന്ന് പാകിസ്ഥാനും സൗദി അറേബ്യയും. ഇതുസംബന്ധിച്ച പ്രതിരോധ കരാറില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാനും ഒപ്പുവെച്ചു. ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാല്‍ ഇരുരാജ്യത്തിനുമെതിരായ ആക്രമണമായി കണക്കാക്കി സംയുക്ത പ്രതിരോധം നടത്തുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. കരാറിലെ വ്യവസ്ഥകള്‍ ഇന്ത്യയുടെയോ മേഖലയുടെയോ സുരക്ഷക്ക് ഭീഷണിയാകുമോയെന്ന കാര്യം പരിശോധിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് മേഖലയിലെ രണ്ട് ഇസ്‌ലാമിക രാജ്യങ്ങള്‍ പ്രതിരോധ കരാറിലെത്തിയതെന്ന് ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിലെ യു.എസിന്റെ ഏറ്റവും വലിയ സൈനിക ബേസ് നിലനില്‍ക്കുന്ന ഖത്തറില്‍ അടുത്തിടെ ഇസ്രയേല്‍ ആക്രമണമുണ്ടായത് അറബ് രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്ക് യു.എസിനെ എത്രത്തോളം ആശ്രയിക്കാനാകുമെന്ന കാര്യത്തില്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് നിര്‍ണായക കരാര്‍.

അതേസമയം, വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ നടന്നുവരുന്ന ചര്‍ച്ചകളുടെ ഫലമാണ് ഇത്തരമൊരു കരാറെന്നാണ് സൗദി അധികൃതരുടെ വിശദീകരണം. ഏതെങ്കിലും രാജ്യത്തിനെതിരായോ പെട്ടെന്നുണ്ടായ ഏതെങ്കിലും സംഭവങ്ങളുടെയോ പശ്ചാത്തലത്തില്‍ രൂപപ്പെട്ടതല്ല. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പരസ്പര സഹകരണത്തിന്റെ തെളിവാണിതെന്നും സൗദി വിശദീകരിക്കുന്നു.

ഇന്ത്യ-പാക് യുദ്ധമുണ്ടായാല്‍?

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇനിയൊരു യുദ്ധമുണ്ടായാല്‍ സൗദി അറേബ്യ പാക് പക്ഷത്ത് ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കുമോ? പ്രതിരോധ കരാറിലെ വ്യവസ്ഥകള്‍ പുറത്തുവന്നതിന് ശേഷം എല്ലാവരുടെയും സംശയം ഇതാണ്. എന്നാല്‍ അങ്ങനെയൊരു സാധ്യത വിദൂരമാണെന്നാണ് വിദേശകാര്യ വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയുമായുള്ള ബന്ധം മുമ്പുള്ളതിനേക്കാള്‍ ദൃഢമാണെന്നും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നുമാണ് സൗദിയുടെ നിലപാട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാര്‍ ഇന്ത്യയെ ലക്ഷ്യം വെച്ചിട്ടുള്ളതല്ലെന്നും മറിച്ച് പശ്ചിമേഷ്യയില്‍ ഇസ്രയേലുമായി ബന്ധപ്പെട്ടതാണെന്നും വിലയിരുത്തലുകളുണ്ട്. ഇന്ത്യയെ സൗദി പിണക്കില്ലെന്ന് പറയാന്‍ സാമ്പത്തികമായ കാരണങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വ്യാപാര പങ്കാളിത്തം

ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ചൈന കഴിഞ്ഞാല്‍ സൗദിയുമായി ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 41.88 ബില്യന്‍ ഡോളറിന്റെ (ഏകദേശം 3.69 ലക്ഷം കോടി രൂപ) വ്യാപാരം നടന്നെന്നാണ് കണക്ക്. പാക്കിസ്ഥാനുമായി സൗദിക്കുള്ളത് ഏകദേശം 3 ബില്യന്‍ ഡോളറിന്റെ (ഏകദേശം 26,000 കോടി രൂപ) വ്യാപാരം മാത്രം. കൂടാതെ ഇന്ത്യയുമായി സൗദിക്ക് സാംസ്‌ക്കാരികമായും സാമൂഹികമായും ശക്തമായ ബന്ധമാണുള്ളത്. ഇന്ത്യയില്‍ കോടികളുടെ നിക്ഷേപങ്ങള്‍ സൗദി സര്‍ക്കാര്‍ നടത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്കെതിരെ സൗദി തിരിയാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇനി അങ്ങനെ ഉണ്ടായാല്‍ തന്നെ ഇന്ത്യയുടെ സൈനിക ശക്തിക്ക് മുന്നില്‍ സൗദി അറേബ്യക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു.

ലക്ഷ്യം ഇസ്രയേല്‍?

പശ്ചിമേഷ്യയില്‍ ആണവായുധം സ്വന്തമായുള്ള ഏക രാഷ്ട്രം ഇസ്രയേലാണ്. അടുത്തിടെ ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തോടെ പരസ്പരവൈര്യം മറന്ന് ഇറാനുമായി സഹകരിക്കാന്‍ പോലും ജി.സി.സി രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആണവായുധം കൈവശമുള്ള പാകിസ്ഥാന്റെ സഹായം തേടാനാണ് സൗദിയുടെ നീക്കമെന്നാണ് വിലയിരുത്തല്‍. സൗദിക്ക് ഭീഷണിയായ യെമനിലെ ഹൂത്തികളെ നേരിടാന്‍ പാക് സഹായം തേടാനും ആലോചനയുണ്ടാകുമെന്നും വിദഗ്ധര്‍ കരുതുന്നു. 1967ല്‍ സൗദി സൈനികര്‍ക്ക് പരിശീലനം നല്‍കാനും 1960ല്‍ യെമന്‍-ഈജിപ്ത് യുദ്ധ സമയത്തും പാക് സൈന്യം ഇടപെട്ടിട്ടുണ്ടെന്നും ചരിത്രം പറയുന്നു. എന്നാല്‍ 2015ല്‍ യെമന്‍-സൗദി തര്‍ക്കം രൂക്ഷമായപ്പോള്‍ സൈനിക ഇടപെടല്‍ നടത്താന്‍ പാക് സൈന്യം തയ്യാറായതുമില്ല. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാവുകയും ചെയ്തു. അതേസമയം, പ്രതിരോധ കരാറിലെത്തിയതോടെ പശ്ചിമേഷ്യയുടെ ഭാഗമല്ലെങ്കില്‍ കൂടി അവിടുത്തെ സംഘര്‍ഷത്തിലേക്ക് പാകിസ്ഥാന്‍ ഭാഗമാകേണ്ടി വരുമെന്നും ചില വിലയിരുത്തലുകളുണ്ട്.

As India-Pakistan tensions remain fragile, Saudi Arabia’s new strategic and investment deals with Pakistan spark questions on Riyadh’s role in a future conflict. Experts weigh in on Saudi influence, defence ties, and regional balance.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com